ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പറുകൾ റദ്ദാക്കുമോ?

single-img
20 October 2018

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പറുകൾ റദ്ദാകില്ലെന്ന് ആധാർ അതോറിറ്റിയും (യു.ഐ.ഡി.എ.ഐ.) ടെലികോം വകുപ്പും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ നൽകി ഉപയോക്താക്കൾക്ക് ആധാർ വേണമെങ്കിൽ വിച്ഛേദിക്കാം. ആധാർ ഇ-കെ.വൈ.സി. ഉപയോഗിച്ച് എടുത്ത 50 കോടി കണക്‌ഷനുകൾ റദ്ദാകുമെന്ന വാർത്ത ശരിയല്ലെന്നും പ്രസ്താവനയിൽ പറയുന്നു.

മൊബൈൽ നമ്പറുകൾക്ക് ആധാർ ആവശ്യമില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാനവിധിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ആധാർ ഇ-കെ.വൈ.സി. ഉപയോഗിച്ച് നൽകിയ മൊബൈൽ നമ്പറുകൾ റദ്ദാക്കണമെന്ന് വിധിയിൽ ഒരിടത്തും പറയുന്നില്ല. അതിനാൽ ഇക്കാര്യത്തിൽ ആശങ്കവേണ്ട. നിലവിലുള്ള നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാർ വിച്ഛേദിക്കണമെന്ന് ആഗ്രഹിക്കുന്നവർ സേവനദാതാക്കളെ സമീപിച്ച് അപേക്ഷ നൽകിയാൽ മതി. ആധാറിനുപകരമായി മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ നൽകണമെന്നു മാത്രം- പ്രസ്താവനയിൽ പറയുന്നു.