ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ ആര്‍എസ്‌എസ് മലക്കം മറിഞ്ഞു;വിധി സമൂഹത്തില്‍ അശാന്തിയും അതൃപ്തിയും ഉണ്ടാക്കിയെന്ന് ആര്‍എസ്‌എസ്

single-img
18 October 2018

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയാണ് സുപ്രീം കോടതിയുടേതെന്ന് ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത്. വിജയദശമി പ്രസംഗത്തിലാണ് മോഹന്‍ ഭാഗവത് നിലപാട് വ്യക്തമാക്കിയത്. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുകയും വിധിയെ സ്വാഗതം ചെയ്തുമുള്ള നിലപാടാണു ആര്‍എസ്‌എസ് ആദ്യം സ്വീകരിച്ചത്.എന്നാല്‍ ശബരിമലയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ആര്‍എസ്‌എസ് നിലപാടില്‍ മലക്കം മറിഞ്ഞത്.

സ്ത്രീകള്‍ ഉള്‍പ്പടെയുള്ള വിശ്വാസി സമൂഹത്തിന്‍റെ വികാരം കണക്കിലെടുക്കാതെയുള്ള വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. സ്ത്രീപ്രവേശനത്തിന് വേണ്ടി സുപ്രീംകോടതിയെ സമീപിച്ചത് ശബരിമലയുമായി ബന്ധമില്ലാത്തവരാണ്. വിഷയത്തില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് മതനേതാക്കളെയും പുരോഹിതരെയും വിശ്വാസത്തില്‍ എടുക്കണമായിരുന്നുവെന്നും മോഹന്‍ ഭഗവത് പറഞ്ഞു.