തെരുവില്‍ ഇറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ല;കേരളത്തെ കലാപഭൂമിയാക്കാനുള്ള സമരം ഭൂഷണമല്ലെന്ന് എസ്‌എന്‍ഡിപി

single-img
17 October 2018

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ തെരുവില്‍ ഇറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തെ കലാപഭൂമിയാക്കാനുള്ള സമരം ഭൂഷണമല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

സമരത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം ഭാരവാഹികളുടെ യോഗം അംഗീകരിച്ചതായും വെള്ളാപ്പള്ളി അറിയിച്ചു. ശബരിമല വിഷയത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാന്‍ എസ്‌എന്‍ഡിപിക്ക് താല്പര്യമില്ല. നാഥനില്ലാ സമരത്തിന് ആളെ കൂട്ടേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം നിലയ്ക്കലില്‍ സംഘര്‍ഷം തുടരുകയാണ്. മാധ്യമസംഘത്തിന് നേരെ കയ്യേറ്റമുണ്ടായി. റിപ്പബ്ലിക് ടിവിയുടെ വാഹനം നിലയ്ക്കലില്‍ അടിച്ചുതകര്‍ത്തു. റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്നയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ശബരിമലയിലെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു പൂജ പ്രസന്ന.