നിലയ്ക്കലില്‍ പമ്പയിലേക്കുള്ള ബസ് തടഞ്ഞ് വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു; റിപ്പോര്‍ട്ടിങ്ങിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാര്‍ തടഞ്ഞു

single-img
16 October 2018

ശബരിമല തീര്‍ഥാടനം തുടങ്ങാനിരിക്കെ പമ്പയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് പരിശോധിച്ച് സ്ത്രീകളുടെ സംഘം രണ്ട് വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു. നിലയ്ക്കലില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. ബസില്‍ പെണ്‍കുട്ടികളെ കണ്ട സംഘം ബസിനകത്തു കയറി ഇവരെ ബലമായി പുറത്തിറക്കുകയായിരുന്നു.

ശബരിമലയിലേക്ക് സ്ത്രീകളെ പോകാന്‍ അനുവദിക്കില്ല എന്ന് ഉറക്കെ വിളിച്ചു പറഞ്ഞാണ് ഇവരുടെ യാത്ര തടഞ്ഞത്. കോട്ടയത്തു നിന്നും പമ്പയിലേക്ക് പോകുകയായിരുന്നു ഇവര്‍. കഴിഞ്ഞ എട്ടുദിവസമായി സ്ത്രീകളുടെ സംഘം പമ്പയിലേക്ക് പോകുന്ന ബസുകള്‍ പരിശോധിച്ച് സ്ത്രീകളില്ല എന്നുറപ്പു വരുത്തിയ ശേഷം മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ.

അതിനിടെ നിലയ്ക്കലില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാര്‍ തടഞ്ഞു. പമ്പയിലെത്തി റിപ്പോര്‍ട്ട് ചെയ്യാനും ദൃശ്യങ്ങള്‍ പകര്‍ത്താനും മാത്രമാണ് എത്തിയതെന്ന് ദേശീയ മാധ്യമപ്രവര്‍ത്തക പറഞ്ഞു. ശബരിമലയില്‍ പ്രവേശിക്കാനല്ല എത്തിയതെന്ന് അറിയിച്ചിട്ടും പ്രതിഷേധക്കാര്‍ തിരിച്ചുവിട്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതി വിധി ഉടന്‍ നടപ്പാക്കുന്നത് ഒഴിവാക്കി ദേവസ്വം ബോര്‍ഡ് ഒത്തുതീര്‍പ്പിനെന്ന് സൂചനയുണ്ട്. വിധി നടപ്പാക്കാന്‍ ബോര്‍ഡ് കൂടുതല്‍ സമയം തേടിയേക്കും. തന്ത്രി കുടുംബവുമായും പന്തളം കൊട്ടാരം പ്രതിനിധികളുമായുളള ചര്‍ച്ച മുന്‍വിധികളില്ലാതെയാണെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു.

എന്നാല്‍ ശബരിമല വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് സാവകാശം തേടിയാല്‍ അംഗീകരിക്കില്ലെന്ന് പന്തളം രാജകുടുംബം. പുനഃപരിശോധനാ ഹര്‍ജി നല്‍കുകയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ വേണം. ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ അയവുണ്ടായതില്‍ പ്രതീക്ഷയുണ്ടെന്നും രാജകുടുംബാംഗം ശശികുമാരവര്‍മ പറഞ്ഞു.