ഭീഷണിയുടെ സ്വരം അമ്മയില്‍ ഇനി വിലപ്പോവില്ല; എല്ലാവരുടെയും ചരിത്രം തന്‍റെ കയ്യിലുണ്ട്; അത് പറയാന്‍ പ്രേരിപ്പിക്കരുതെന്ന് ജഗദീഷ്

single-img
16 October 2018

അമ്മയില്‍ ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്. ഭീഷണിയുടെ സ്വരം അമ്മയില്‍ ഇനി വിലപ്പോവില്ലെന്നും ജഗദീഷ് പറഞ്ഞു. സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ജഗദീഷ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്രമുണ്ടെന്നും അഭിപ്രായം പറയുന്നവരെ വെട്ടി നിരത്താന്‍ അമ്മ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ജഗദീഷ് പറഞ്ഞു.

‘ആരെങ്കിലും ഗുണ്ടായിസം കാണിച്ച് ഭീഷണിപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റിയെ വരുതിയില്‍ നിര്‍ത്താമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ അതിനി നടക്കില്ല. അച്ചടക്കത്തില്‍ ആണ് ഞാന്‍ പറയുന്നത്. അത് ഈ വാട്സാപ്പ് സന്ദേശത്തില്‍ മാത്രമാണ്. പത്രസമ്മേളനം വിളിച്ച് എനിക്ക് ഒരുപാടു കാര്യങ്ങള്‍ നിരത്താന്‍ കഴിയും. എല്ലാവരുടെയും ചരിത്രം എന്റെ കയ്യിലുണ്ട്’ – ജഗദീഷ് പറഞ്ഞു.

‘വ്യക്തികളെ ഭീഷണിപ്പെടുത്തുക, കരിയര്‍ ഇല്ലായ്മ ചെയ്യുമെന്ന് പറയുക, നമ്മള്‍ രേഖപ്പെടുത്തുന്ന അഭിപ്രായത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുമെന്ന് പറയുക, ഇതൊന്നും ഇനി നടക്കില്ല- ജഗദീഷ് പറഞ്ഞു. ഒരുപാടു കാര്യങ്ങള്‍ എനിക്കറിയാം അത് പറയിക്കാന്‍ എന്നെ പ്രേരിപ്പിക്കരുത്. അച്ചടക്കമുള്ള ആളാണ് ഞാന്‍, വരത്തന്‍ എന്ന സിനിമ കാണണം, ഫഹദ് ഫാസിലിന്റെ കഥാപാത്രമാണ് ഞാന്‍.

സഹിക്കും, പരമാവധി സഹിക്കും. അവസാനം ഒരു പൊട്ടിത്തെറി ഉണ്ടാകും. മോഹന്‍ലാല്‍ എന്ന എന്റെ സുഹൃത്ത്, അമ്മയുടെ പ്രസിഡന്റ് പറയുന്നതിനൊപ്പം ഞാന്‍ നിലകൊള്ളുന്നു. അദ്ദേഹം പറയുന്നതിനനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കുന്നു. ആ രീതിയിലുള്ള വല്യേട്ടന്‍ മനോഭാവം ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല.

ഞാന്‍ എല്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയിലും പറയാറുണ്ട്. ഞാന്‍ വയല വാസുദേവന്‍ പിള്ള എന്ന ഗാന്ധിയന്റെ ശിഷ്യനാണ്. എനിക്ക് എല്ലാവരെയും ഉള്‍കൊള്ളിച്ച് പോകണമെന്നാണ് ആഗ്രഹം. പ്രസിഡന്റിനൊപ്പം നമ്മള്‍ എല്ലാവരുമുണ്ട്. അതില്‍ കവിഞ്ഞ ഒരു പോസ്റ്റ് A.M.M.Aയില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’- ജഗദീഷ് വ്യക്തമാക്കി.