വീടിനു സമീപം പുറമെ കാണാത്ത വിധത്തില്‍ വെള്ളമൊഴുകുന്നതു പോലെ ശബ്ദം; അപൂര്‍വ്വ പ്രതിഭാസം പത്തനംതിട്ടയില്‍; വീട്ടുകാരോട് മാറാന്‍ നിര്‍ദേശം

single-img
15 October 2018

പത്തനംതിട്ട കുമ്പളത്താമണ്‍ കവലയ്ക്കു സമീപം ശ്രീശൈലം ബി.ആര്‍. പ്രസാദിന്റെ വീട്ടിലാണ് സംഭവം. വീടിന്റെ പിന്നില്‍ നിന്ന് 10 അടിയോളം അകലെയാണ് ജാറില്‍ നിന്നു വെള്ളമൊഴിക്കുന്നതു പോലെ ശബ്ദം കേള്‍ക്കുന്നത്. ഞായറാഴ്ച രാവിലെയാണ് വീട്ടുകാര്‍ ഈ ശബ്ദം കേള്‍ക്കുന്നത്.

തുടര്‍ന്ന് അഗ്‌നിശമനസേന സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം അറിഞ്ഞ് തഹസില്‍ദാര്‍ കെ.വി. രാധാകൃഷ്ണന്‍ നായര്‍ സേനയുമായി ബന്ധപ്പെട്ടു. അവരാണ് വീട്ടുകാരെ തല്‍ക്കാലം മാറ്റി താമസിപ്പിക്കാന്‍ തഹസില്‍ദാരോടു നിര്‍ദേശിച്ചത്. പിന്നീട് സീനിയര്‍ ജിയളോജിസ്റ്റ് ഹിഗാസ് ബഷീര്‍, ജിയളോജിസ്റ്റ് സൗവിക് ആചാര്യ എന്നിവരെത്തി പരിശോധന നടത്തി.

ഉറവയില്‍ നിന്നു വെള്ളമൊഴുകുന്നതു പോലുള്ള ശബ്ദമാണു കേള്‍ക്കുന്നതെന്ന് അവര്‍ പറഞ്ഞു. സ്ഥലത്തെ വിഡിയോയും ചിത്രങ്ങളും പകര്‍ത്തി. ശബ്ദം റിക്കോര്‍ഡ് ചെയ്തു. അവ തിരുവനന്തപുരത്തെ ഓഫിസിലേക്കു കൈമാറിയെന്ന് ഹിഗാസ് പറഞ്ഞു. പരിശോധന ഫലം വീട്ടുകാരെ അറിയിക്കും.