നാല് നടിമാര്‍ വിചാരിച്ചാല്‍ മോഹന്‍ലാലിനേയോ ദിലീപിനേയോ തകര്‍ക്കാനാവില്ലെന്ന് ‘അമ്മ’; രാജിവച്ച നടിമാരെ തിരിച്ചെടുക്കില്ല

single-img
15 October 2018

‘അമ്മ’ക്കെതിരായ ഡബ്ല്യു.സി.സിയുടെ ആരോപണങ്ങള്‍ തള്ളി എക്‌സിക്യൂട്ടീവ് അംഗം നടന്‍ സിദ്ധീഖും നടി കെ.പി.എ.സി ലളിതയും രംഗത്ത്. ഡബ്ല്യു.സി.സിയുടെ എല്ലാ ജല്‍പ്പനങ്ങള്‍ക്കും മറുപടി പറയാനാകില്ലെന്ന് സിദ്ധിഖ് പറഞ്ഞു. ദിലീപ് സംഘടനയില്‍ നിന്ന് രാജിവെച്ചതാണ്.

ഒക്ടോബര്‍ പത്തിന് ദിലീപ് രാജിക്കത്ത് നല്‍കിയിരുന്നു. ഇത് അറിഞ്ഞത് കൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കണമെന്ന് നടിമാര്‍ പറയുന്നത്. നടിമാര്‍ പറയുന്നതിനനുസരിച്ച് ദിലീപിന്റെ ജോലി സാധ്യത കളയാനാകില്ല. ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിച്ചത് ജനറല്‍ ബോഡിയാണ്.

അമ്മ പ്രസിഡന്റ് മോഹന്‍ ലാലിനെ വെറുതെ അപമാനിച്ചുവെന്നും സിദ്ധീഖ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ തെറിവിളി വരുന്നു എന്നു പറയുന്നവര്‍, അത് ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു.

നടിമാര്‍ എന്നു വിളിച്ച് ആക്ഷേപിച്ചെന്ന ഡബ്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണ്. ‘അമ്മ’ നടീനടന്മാരുടെ സംഘടനയാണ്. അങ്ങനെ വിളിച്ചതില്‍ ആക്ഷേപം തോന്നേണ്ട കാര്യമില്ല. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ് മുന്നറിയിപ്പു നല്‍കി.

അമ്മയില്‍നിന്ന് രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ലെന്നും സിദ്ധിഖ് വ്യക്തമാക്കി. രാജിവച്ചവരെ തിരിച്ചു വിളിക്കില്ല എന്നത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണ്. ചെയ്ത തെറ്റുകള്‍ക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്നത് പരിഗണിക്കും.

സംഘടനയ്ക്കുള്ളില്‍ നിന്ന് സംഘടനയ്‌ക്കെതിരെയും പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും പ്രവര്‍ത്തിച്ച നടിമാര്‍ക്കെതിരെ നടപടിയെടുക്കും. സാമ്പത്തികമായി നല്ല നിലയിലുള്ളവരാണ് ഡബ്ല്യുസിസി അംഗങ്ങളെന്ന് സിദ്ധിഖ് ചൂണ്ടിക്കാട്ടി. ‘മീ ടൂ’ ക്യാംപെയിന്‍ നല്ല പ്രസ്ഥാനമാണ്.

സുരക്ഷാ വിഷയത്തില്‍ കരുതല്‍ നല്ലതാണ്. പക്ഷേ ദുരുപയോഗിക്കുന്നത് ശരിയല്ല. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടി രേവതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ തേജോവധം ചെയ്യാനാണെന്നും സിദ്ധിഖ് ആരോപിച്ചു.

അതേസമയം ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് സംബന്ധിച്ച് അമ്മയിലെ ഭിന്നത പുറത്തുവന്നു. ആര് പറഞ്ഞിട്ടാണ് ജഗദീഷ് വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്ന് അറിയില്ലെന്ന് സിദ്ദിഖ് പറഞ്ഞു. ജനറല്‍ ബോഡി ഉടന്‍ ചേരില്ലെന്നും താന്‍ പറയുന്നതാണ് അമ്മയുടെ നിലപാടെന്നും സിദ്ദിഖ് വ്യക്തമാക്കി. എന്നാല്‍ യോഗം ചേരുമെന്നാണ് നേരത്തെ ജഗദീഷ് പറഞ്ഞത്. ആര് വിചാരിച്ചാലും അമ്മ എന്ന സംഘടനയെ പിളര്‍ക്കാനാവില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.