24 മണിക്കൂറിനുള്ളില്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരമെന്ന് ബിജെപി: വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെ.സുധാകരന്‍; ശബരിമലയില്‍ പോകുന്ന എല്ലാവര്‍ക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് ഇ.പി ജയരാജന്‍

single-img
15 October 2018

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാടു കടുപ്പിച്ച് ബിജെപി. സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു. തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരും. സര്‍ക്കാര്‍, തന്ത്രി കുടുംബവുമായി നടത്തുന്ന ചര്‍ച്ചയില്‍ വിശ്വാസമില്ല. നട തുറക്കുന്ന 18 ന് ശബരിമലയില്‍ വിശ്വാസികള്‍ എന്തു നിലപാടു സ്വീകരിച്ചാലും ബിജെപി പിന്തുണയ്ക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്രയുടെ സമാപനസമ്മേളനത്തിനു മുന്‍പു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. വിനോദസഞ്ചാരികളായി വന്ന് പോകാനുള്ള ഇടമല്ല. ശബരിമലയില്‍ പോകുമെന്ന് പറഞ്ഞ രേഷ്മ നിശാന്തിനു പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടാകാമെന്നും സുധാകരന്‍ പറഞ്ഞു. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എരുമേലി വഴി ഒരു സ്ത്രീയേയും കടത്തിവിടില്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കെ.സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്.

ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. വിശ്വാസം സംരക്ഷിക്കാന്‍ യുഡിഎഫ് ഏതറ്റം വരെയും പോകുമെന്നും, വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്ന നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ ശബരിമലയില്‍ പോകുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സുരക്ഷയൊരുക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കോടതി വിധി അംഗീകരിക്കാതിരിക്കാന്‍ സര്‍ക്കാറിനാകില്ല. സ്ത്രീ പ്രവേശനത്തില്‍ എതിര്‍പ്പുള്ള സംഘടനകളുമായി സര്‍ക്കാര്‍ ഇനിയും ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.