ഫ്രാങ്കോ മുളയ്ക്കലിനു ജാമ്യം അനുവദിച്ചു

single-img
15 October 2018

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണമെന്നും അന്വേഷണാവശ്യത്തിനല്ലാതെ കേരളത്തില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.

ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായില്ല. കന്യാസ്ത്രീകളില്‍ ഏഴു പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയ്ക്ക് ഇനി അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധീനക്കാനുള്ള ശ്രമം നടത്തരുതെന്നും ബിഷപ്പ് ഫ്രാങ്കോയോട് കോടതി നിര്‍ദ്ദേശിച്ചു. ബിഷപ്പിനെ കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ കേരളത്തിന് പുറത്തു പോകേണ്ടിവരും. വിചാരണ നടപടികളുടെ ഭാഗമായി മാത്രമേ ഇനി ബിഷപ്പിന് കേരളത്തില്‍ പ്രവേശിക്കാനാകൂ.