ദിലീപ് രാജിവെച്ചതായി സൂചന; ഡബ്ല്യുസിസിക്കു നേരെ സൈബര്‍ ആക്രമണം

single-img
14 October 2018

യുവ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് താരസംഘടനയായ അമ്മയില്‍നിന്ന് രാജിവച്ചതായി സൂചന. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ രാജിക്കാര്യം അറിയിച്ചെന്നാണ് വിവരം. സംഘടനയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്ന് രാജിക്കാര്യം ചര്‍ച്ചചെയ്യും.

കുറ്റാരോപിതന്‍ സംഘടനയില്‍ തുടരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് വിമന്‍ ഇന്‍ സിനിമാ കലക്ടീവ് അംഗങ്ങളായ നടിമാര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ദിലീപിന്റെ രാജി വാര്‍ത്ത പുറത്തുവരുന്നത്.

അതിനിടെ താരസംഘടനയായ എഎംഎംഎയെ വിമര്‍ശിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവിനു (ഡബ്ല്യുസിസി)നേരെ സൈബര്‍ ആക്രമണം. പ്രമുഖനടന്‍മാരുടെ ഫാന്‍സുകാരാണ് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജില്‍ നടിമാരെ അപകര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അസഭ്യവര്‍ഷം നടത്തിയിരിക്കുന്നത്.

ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സില്‍ നിറയെ അശ്ലീല പദപ്രയോഗങ്ങളാണ്. എന്നാല്‍ സംഘടനയെ പിന്തുണച്ചും കമന്റുകള്‍ വരുന്നുണ്ട്. ഡബ്ലൂസിസിക്കെതിരെ മറ്റു സമൂഹമാധ്യമങ്ങളിലും അവഹേളനമുണ്ടായി.

ശനിയാഴ്ച നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടു എഎംഎംഎയെയും പ്രസിഡന്റ് മോഹന്‍ലാലിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് ഡബ്ല്യുസിസി രംഗത്തുവന്നത്. ആരോപണ വിധേയനായ നടന്‍ ദിലീപിനെതിരേ നടപടിയെടുക്കുമെന്നു പറഞ്ഞു പറ്റിച്ചെന്നും സംഘടനാ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും നടിമാരായ പത്മപ്രിയ, പാര്‍വതി, രേവതി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.