മോഹൻലാലിനെതിരെ ആഞ്ഞടിച്ച് ഡബ്ലൂ.സി.സി; ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്ന് വിശേഷിപ്പിച്ചു

single-img
13 October 2018

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ലൂ.സി.സി) സംഘടിപ്പിക്കുന്ന വാര്‍ത്ത സമ്മേളനം കൊച്ചിയില്‍ തുടങ്ങി. ‘അമ്മ’ പ്രസി‍‍ഡന്റ് മോഹൻലാലിനെതിരെ ആഞ്ഞടിച്ചാണ് വാർത്താ സമ്മേളനം തുടങ്ങിയത്.

രേവതി, പത്മപ്രിയ, പാര്‍വതി, രമ്യാ നബീശൻ, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, റിമ ക്ലല്ലിങ്കല്‍ ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എം.എം.എം.എയുടെ നിലപാടിനെ ചോദ്യം ചെയ്ത് ഡബ്ലൂ.സി.സി. കുറ്റാരാപിതനായ നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും ആക്രമണത്തെ അതിജീവിച്ചവള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്നും ഡബ്ലൂ.സി.സി കുറ്റപ്പെടുത്തി. അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ നടിമാര്‍ എന്ന് ഞങ്ങളെ പരിചയപ്പെടുത്തി. ഞങ്ങളുടെ മൂന്നുപേരുടെ പേര് പറയാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. അത് അപമാനിക്കലാണ്, രേവതി പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിശേഷിപ്പിച്ചുവെന്നു നടി പാർവതി ആരോപിച്ചു. അമ്മയില്‍നിന്ന് രാജിവക്കാൻ കത്ത് തയാറാക്കിയിരുന്നുവെന്ന് പാർവതി വെളിപ്പെടുത്തി. ഇടവേള ബാബുവിനെ വിളിച്ചപ്പോൾ എന്തിനാണ് അമ്മയുടെ പേര് മോശമാക്കുന്നത് എന്നാണു ചോദിച്ചത്. ജനറൽ ബോഡി അംഗങ്ങൾക്ക് എന്തും പറയാനുണ്ടെങ്കിൽ അടിയന്തര യോഗം ചേരും എന്ന് ഇടവേള ബാബു പറഞ്ഞു. തുടർന്നാണ് അമ്മയുമായി വീണ്ടും വിഷയം ചർച്ച ചെയ്യാൻ പോയത്. ഓഗസ്റ്റ് ഏഴിലെ യോഗത്തിൽ 40 മിനിറ്റ് നടന്നത് മുഴുവൻ ആരോപണങ്ങളായിരുന്നു. കെഞ്ചി പറഞ്ഞു സംസാരിക്കാന്‍ അവസരം തരാൻ. പക്ഷേ അവർ അതിനു തയാറായില്ലെന്നും പാർവതി പറഞ്ഞു.

യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോൻ. ഇന്ത്യ മുഴുവനും ഒരു മൂവ്മെന്റ് നടക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഇതിൽ നടപടി എടുക്കുന്നു. സ്ത്രീകൾ പറയുന്നത് വിശ്വസിക്കുന്നു. പക്ഷേ കേരളത്തിൽ‌ വാക്കാലെയല്ലാതെ കുറച്ചുകൂടി ഞങ്ങൾ‌ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോൻ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാർവതി മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചു.