ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി വര്‍ക്കിങ് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു

single-img
13 October 2018

റായ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഛത്തീസ്‌ഗഡില്‍ ഭരണം പിടിക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്ക് വന്‍തിരിച്ചടി. കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ രാംദിയാല്‍ യുകി ബിജെപിയില്‍ ചേര്‍ന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെയും സാന്നിധ്യത്തില്‍ രാംദയാലിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കി. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ചത്തീഗഢിലെത്തിയതിന് പിന്നാലെയാണ് രാം ദയാല്‍ ബിജെപിയിലെത്തിയത്.

2013ലെ തെരഞ്ഞെടുപ്പില്‍ 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാംദയാല്‍ വിജയിച്ചത്. ഈ വര്‍ഷം ജനുവരിയിലാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റാക്കിയത്.

മൂന്ന് തവണയായി ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.