ഗൂഗിള്‍ മാപ്പില്‍ പാലം തിരഞ്ഞപ്പോള്‍ കണ്ടത് ഭാര്യയുടെ മടിയില്‍ കിടക്കുന്ന കാമുകനെ; അടി, ബഹളം, ഡിവോഴ്‌സ്

single-img
13 October 2018

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ, ഗൂഗിള്‍ മാപ്പിന്റെ സാറ്റ്‌ലൈറ്റ് പതിപ്പ് എന്നിവയില്‍ സെര്‍ച്ചിങ് നടത്തുന്നത് പലര്‍ക്കും ഒരു കൗതുകമാണ്. വര്‍ഷങ്ങളായി മറഞ്ഞുകിടന്നിരുന്ന വസ്തുക്കള്‍ വരെ കണ്ടെത്താന്‍ ഗൂഗിള്‍ മാപ്പ് സഹായിക്കും. പക്ഷേ പെറുവില്‍ സംഭവിച്ചത് അങ്ങനെയല്ല.

ഒരു കള്ളക്കളി പൊളിക്കുകയാണ് ഗൂഗിള്‍ മാപ്പ് ചെയ്തത്. പെറുവില്‍ നിന്നൊരു യുവാവ് പെറുവിന്റെ തലസ്ഥാനമായ ലിമയിലെ പ്രശസ്തമായ പാലങ്ങളെക്കുറിച്ച് ഗൂഗിള്‍ മാപ്പില്‍ തിരയുകയായിരുന്നു. ലക്ഷ്യ സ്ഥാനത്തേക്ക് ഗൂഗിള്‍ മാപ്പ് വഴി സഞ്ചരിച്ച ഭര്‍ത്താവ് പെട്ടെന്നാണ് പരിചിതമായ ഒരു രൂപം ശ്രദ്ധിച്ചത്.

വെളുത്ത ടോപ്പും കറുത്ത ജീന്‍സുമണിഞ്ഞ യുവതിയുടെ മടിയില്‍ കിടക്കുന്ന യുവാവിന്റെ ചിത്രമാണ് കണ്ടത്. പരിചിതമായ വസ്ത്രവും രൂപവുമായതിനാല്‍ ചിത്രം സൂക്ഷിച്ചു നോക്കി. യുവതി തന്റെ ഭാര്യയാണെന്ന് ഉറപ്പു വരുത്തി. ഭാര്യയുടെ മടിയിലാണ് യുവാവ് കിടക്കുന്നതെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞതോടെ വീട്ടില്‍ കലഹം തുടങ്ങി.

അഞ്ച് വര്‍ഷം മുന്‍പ് 2013 ലെ ചിത്രമാണ് അതെന്ന് ഭാര്യ പറഞ്ഞു. പിന്നീട് പഴയ കാര്യങ്ങളെല്ലാം ഭാര്യ തുറന്നു പറഞ്ഞു. ഭാര്യ തന്നെ ചതിക്കുകയായിരുന്നെന്ന് മനസ്സിലാക്കിയ ഭര്‍ത്താവ് വിവാഹമോചനം തേടുകയായിരുന്നു. കുടുംബം തകര്‍ത്ത പ്രതികാരത്തോടെ ഭര്‍ത്താവ് തന്നെയാണ് ഗൂഗിള്‍ മാപ്പ് ചിത്രങ്ങളും വിവരവും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഗൂഗിള്‍ മാപ്പ് കാരണം വിവാഹമോചനം സംഭവിക്കുന്ന ആദ്യ സംഭവമായിരിക്കുമിത്.