ശബരിമല സമരത്തെ ബിജെപി ഹൈജാക്ക് ചെയ്‌തെന്ന് കടകംപള്ളി; ദേവസ്വം മന്ത്രിയുടെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം: ബഹളമുണ്ടാക്കുന്നവര്‍ക്ക് ഒരു നായയുടെ പോലും പിന്തുണയില്ലെന്ന് മന്ത്രി സുധാകരന്‍

single-img
11 October 2018

കൊച്ചി: ശബരിമല സമരത്തെ ബിജെപി ഹൈജാക്ക് ചെയ്‌തെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസത്തിനു വേണ്ടിയുള്ളതല്ല, പകരം രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരത്തില്‍നിന്ന് ബിജെപിയടക്കം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഴയ രഥയാത്രയെ ഓര്‍മിപ്പിക്കുന്ന ലോങ് മാര്‍ച്ചാണ് ഇപ്പോള്‍ ബി ജെ പി സംഘടിപ്പിച്ചിരിക്കുന്നതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. അതേസമയം കടകംപള്ളിയുടെ ഔദ്യോഗിക വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിനിടെ ശബരിമല വിഷയത്തില്‍ സമരം നടത്തുന്നവര്‍ക്കെതിരെ മന്ത്രി ജി. സുധാകരന്‍ രംഗത്തെത്തി. വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ ഒരു നായയുടെ പോലും പിന്തുണയില്ലാത്തവരാണു ബഹളം ഉണ്ടാക്കുന്നത്. സമരക്കാരില്‍ നാലുപേരുടെ പിന്തുണയുള്ളത് എന്‍എസ്എസിനു മാത്രം. അതു വലിയ സംഘടനയാണെന്നും സുധാകരന്‍ പറഞ്ഞു.

രാജകൊട്ടാരത്തിലുള്ളവരെ നാട്ടുകാര്‍ കാണുന്നത് ഇതുപോലുള്ള അവസരത്തില്‍ മാത്രമാണ്. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പിന്മുറക്കാരായ കോണ്‍ഗ്രസുകാര്‍ രാജവാഴ്ചയുടെ ഉച്ഛിഷ്ടം കഴിക്കുകയാണ്. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച എസ്എന്‍ഡിപിയുടെ നിലപാടു നല്ലതാണ്. കോടതി വിധി അംഗീകരിക്കണമെന്നാണു വെള്ളാപ്പള്ളി നടേശന്റെ നിലപാട്.

കേരളത്തില്‍ ബിജെപിക്കു കിട്ടിയ വോട്ടിന്റെ 10% മാത്രമാണു തെരുവിലിറങ്ങിയത്. അതില്‍നിന്ന് ബിജെപിക്കുള്ളില്‍ത്തന്നെ പിന്തുണയില്ലെന്നു തെളിഞ്ഞു. സ്ത്രീകള്‍ക്കു തുല്യ അവകാശം, തുല്യ സ്വാതന്ത്ര്യം എന്നാണു സര്‍ക്കാര്‍ നിലപാട്. ഇതുകൊണ്ടു വോട്ടൊന്നും കുറയാന്‍ പോകുന്നില്ല. കൂടുകയേയുള്ളൂവെന്നും സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.