മുകേഷിനെതിരായ ലൈംഗികാരോപണം: ഒരു ഭാര്യയെന്ന നിലയില്‍ ആശങ്കയില്ല; ഭര്‍ത്താവ് തന്നോട് നുണ പറയില്ല എന്നാണ് വിശ്വാസമെന്നും മേതില്‍ ദേവിക

single-img
11 October 2018

ഭര്‍ത്താവ് മുകേഷിനെതിരെയുണ്ടായ ആരോപണങ്ങളില്‍ ഒരു ഭാര്യയെന്ന നിലയില്‍ ആശങ്കയില്ലെന്ന് മേതില്‍ ദേവിക. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീ ടൂ ക്യാംപെയിനെക്കുറിച്ചും ഭര്‍ത്താവ് മുകേഷിനെക്കുറിച്ചുയര്‍ന്ന ആരോപണത്തെക്കുറിച്ചും മേതില്‍ ദേവിക പ്രതികരിച്ചത്.

മീ ടൂ ക്യാംപെയിന്‍ നല്ലൊരു അവസരമാണെന്നും സ്ത്രീകള്‍ക്ക് തുറന്നു സംസാരിക്കാന്‍ അവസരം നല്‍കുന്ന മീ ടൂ ക്യാംപെയിനെ വ്യക്തിപരമായി താന്‍ പിന്തുണയ്ക്കുന്നുണ്ടെന്നും പറഞ്ഞതിനൊപ്പം പുരുഷന്മാര്‍ക്ക് പ്രകോപനപരമായ സന്ദേശങ്ങള്‍ അയയ്ക്കുന്ന സ്ത്രീകള്‍ക്കെതിരെയും ക്യാംപെയിന്‍ വേണ്ടതല്ലേയെന്നും അവര്‍ ചോദിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നു എന്നു പറയുന്ന സംഭവത്തെക്കുറിച്ച് ഇപ്പോള്‍ ഉയരുന്ന ആരോപണം ഒരു ഭാര്യ എന്ന നിലയില്‍ തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും സംഭവത്തെക്കുറിച്ച് ഭര്‍ത്താവുമായി സംസാരിച്ചിരുന്നുവെന്നും അങ്ങനെയൊരു സംഭവം ഓര്‍മ്മയിലില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും, അദ്ദേഹം തന്നോട് നുണ പറയില്ല എന്നാണ് വിശ്വാസമെന്നും മേതില്‍ ദേവിക പ്രതികരിച്ചു.

പലപ്പോഴും ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ താനാണ് കൈകാര്യം ചെയ്യുന്നതെന്നും ഒരുപാട് സ്ത്രീകള്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയയ്ക്കാറുണ്ടെന്നും പലപ്പോഴും താനാണ് ആ മെസേജുകള്‍ക്ക് മറുപടി അയയ്ക്കാറുള്ളതെന്നും അവര്‍ പറയുന്നു. ഒരു ഭാര്യ എന്ന നിലയില്‍ അത്തരം സന്ദേശങ്ങളെ മറ്റൊരു സ്ത്രീ ചെയ്യുന്ന ഹരാസ്‌മെന്റ് ആയേ കാണാന്‍ കഴിയൂവെന്നും അങ്ങനെയുള്ള സ്ത്രീകള്‍ക്കെതിരെ ക്യാംപെയ്ന്‍ ഒന്നുമില്ലേയെന്നാണ് തന്റെ ചോദ്യമെന്നും അവര്‍ പറഞ്ഞു.

19 വര്‍ഷം മുമ്പ് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നു പറഞ്ഞുകൊണ്ടാണ് ടെസ് ജോസഫ് എന്ന യുവതി രംഗത്തു വന്നത്. ചിത്രീകരണത്തിനിടെ തന്റെ മുറിയിലെ ഫോണിലേക്ക് മുകേഷ് തുടര്‍ച്ചയായി വിളിച്ചു ശല്യപ്പെടുത്തിയെന്നും. മുകേഷിന്റെ മുറിയുടെ അടുത്തുള്ള മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചുവെന്നുമായിരുന്നു ടെസ് ജോസഫിന്റെ ആരോപണം. സംഭവം തന്റെ മേലധികാരിയായ ഡെറിക്ക് ഒബ്രിയാന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് അദ്ദേഹം പ്രശനത്തിന് പരിഹാരം കണ്ടതെന്നും ടെസ് പറയുന്നു.