റായ്ബറേലിയില്‍ ട്രെയിന്‍ പാളംതെറ്റി: ഏഴു മരണം, നിരവധി പേര്‍ക്ക് പരിക്ക്

single-img
10 October 2018

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബംഗാളിലെ മാല്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന 14003 ന്യൂ ഫറാക്ക എക്‌സ്പ്രസിന്റെ എഞ്ചിനും അഞ്ചു ബോഗികളുമാണ് പാളം തെറ്റിയത്.

ലക്‌നൗവില്‍ നിന്നും വാരാണസിയില്‍ നിന്നും ദുരന്തനിവാരണ സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി. അപകടവിവരമറിഞ്ഞ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനി റായ്ബറേലിയിലേക്കു തിരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികില്‍സാ സൗകര്യമൊരുക്കാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.