ഗായകന്‍ കൈലാഷ് ഖേറിനെതിരെ ലൈംഗികാരോപണവുമായി ഗായിക

single-img
10 October 2018

മീ ടൂ കാമ്പയിനില്‍ പ്രമുഖര്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ തുടരുന്നു. ഗായകന്‍ കൈലാഷ് ഖേറില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം പങ്കു വെക്കുകയാണ് ഗായികയായ സോനമോഹപത്ര. ട്വിറ്ററിലാണ് സോനം കൈലാഷ് ഖേറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.

സംഗീത പരിപാടിയെ കുറിച്ച് സംസാരിക്കുന്നതിനിടെ കഫെയില്‍ വെച്ച് കൈലാഷ് ഖേര്‍ മോശമായി പെരുമാറിയെന്നാണ് വെളിപ്പെടുത്തല്‍. തങ്ങളുടെ ഇരുവരുടേയും ബാന്റ് നടത്താനിരിക്കുന്ന സംഗീത പരിപാടിയെ കുറിച്ച് സംസാരിച്ചിരിക്കുകയായിരുന്നു.

അതിനിടെ മോശമായ രീതിയില്‍ കൈലാഷ് ഖേര്‍ സ്പര്‍ശിച്ചു. കൈലാഷ് ഖേറിന്റെ മോശം പെരുമാറ്റം പിന്നെയും പല തവണ തുടര്‍ന്നതായും സോന ആരോപിക്കുന്നു. ധാക്കയില്‍ ഒരു സംഗീത പരിപാടിക്കായി പോയപ്പോള്‍ അദ്ദേഹം പല തവണ തന്റെ ഫോണിലേക്ക് വിളിച്ചു.

ഫോണ്‍ എടുക്കാതായപ്പോള്‍ സംഘാടകരുടെ ഫോണിലേക്ക് വിളിച്ച് തന്നോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. റിഹേഴ്‌സല്‍ ഒഴിവാക്കി അദ്ദേഹത്തിന്റെ മുറിയിലേക്ക് എത്താനായിരുന്നു നിര്‍ദേശം – സോനം ആരോപിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിലെ ഫോട്ടോ ജേണലിസ്റ്റ് നടാഷ ഹേമരഞ്ജിനി, കൈലാഷ് ഖേറില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞതോടെയാണ് സോനം തന്റെ അനുഭവവും പരസ്യമാക്കിയത്.