മോഹന്‍ലാലിന് അടുത്ത തലവേദനയുണ്ടാക്കി നടന്‍ മുകേഷ്

single-img
9 October 2018

ഹോളീവുഡിന്റെ ചുവടുപിടിച്ച് ഇന്ത്യയിലേക്കും പടര്‍ന്ന മീ ടൂ ക്യാംപെയ്ന്‍ കൊടുങ്കാറ്റ് ഇനി മലയാള സിനിമ ലോകത്ത് ഉണ്ടാക്കിയേക്കാവുന്ന പുകിലുകള്‍ എന്താണെന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. ബോളീവുഡിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് നടനും ഇടത് എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ തന്നെ വലിയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.

ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാതെ സിപിഎം സംസ്ഥാനജില്ലാ നേതൃത്വങ്ങള്‍ ഒഴിഞ്ഞു മാറുകയാണ്. വിഷയത്തില്‍ ആദ്യം പ്രതികരിക്കേണ്ടത് മുകേഷാണെന്നും അതിനു ശേഷം പ്രതികരിക്കാമെന്നും ചില നേതാക്കള്‍ വ്യക്തമാക്കിയതായാണ് വിവരം.

മുകേഷിന് നേരെ ഉയര്‍ന്നിരിക്കുന്ന വിവാദത്തില്‍ മലയാള സിനിമാ സംഘടനയായ ‘അമ്മ’യും ഇതുവരെയും പ്രതികരണം ഒന്നും നടത്തിയിട്ടില്ല. ദിലീപിന് അനുകൂലമായി സ്വീകരിച്ച നടപടിയുടെ പേരില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികള്‍ ഏറെ പഴികേള്‍ക്കേണ്ടി വന്നതാണ്.

വിഷയത്തില്‍ ഡബ്‌ള്യൂ.സി.സിയുടെ നിലപാടും നിര്‍ണായകമാണ്. ദിലീപ് വിഷയത്തില്‍ അമ്മ സ്വീകരിച്ച നിസംഗതയെ തുടര്‍ന്നാണ് സിനിമയിലെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന രൂപം കൊണ്ടത്.

അതുകൊണ്ടുതന്നെ മുകേഷിന്റെ വിഷയത്തില്‍ എടുത്തുചാടി ഒരു നിലപാട് സ്വീകരിക്കേണ്ട എന്നാണ് അമ്മ നേതൃത്വം പറയുന്നത്. സിനിമാ താരങ്ങള്‍ ആരും തന്നെ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരണവുമായി വന്നിട്ടില്ല. അതേസമയം ടെസ് ജോസഫ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് നടന്‍ മുകേഷ് രംഗത്തെത്തി.

ടെസ് ജോസഫ് എന്ന സ്ത്രീയെ താന്‍ ഒര്‍ക്കുന്നുപോലുമില്ലെന്ന് മുകേഷ് പറഞ്ഞു. ആരോപണങ്ങളെ ചിരിച്ചു തള്ളുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ രാജി വയ്പിക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണോ ആരോപണമെന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

‘ഈ ടെലിവിഷന്‍ ഷോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതാണ്. ഈ ആരോപണത്തെക്കുറിച്ച് അറിയില്ല. ടെസ് ജോസഫ് എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മ്മ പോലുമില്ല. എന്തുകൊണ്ട് ഇത്രയുംനാള്‍ ആരോപണം ഉയര്‍ത്തിയില്ല? ഇവരൊക്കെ ഉറക്കമായിരുന്നോ? എനിക്ക് ഒന്നും പറയാനില്ല. നിങ്ങള്‍ എന്താണെന്ന് വച്ചാല്‍ ചെയ്‌തോ. വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിച്ചോ. കൂടുതല്‍ പ്രതികരണങ്ങളുടെ ആവശ്യമില്ലെന്നും താനൊരു യാത്രയിലാണ്’. മുകേഷ് വ്യക്തമാക്കി.

അതേസമയം, വീണ്ടും മാധ്യമങ്ങള്‍ മുകേഷിന്റെ പ്രതികരണത്തിനായി അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ് ജോസഫ് എന്ന യുവതി വെളിപ്പെടുത്തിയത്. അന്ന് ചിത്രീകരണത്തിനിടയില്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്.

നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ, ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക്ക് ഒബ്രിയാനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലൂടെയാണ് ടെസ് ജോസഫിന്റെ ആരോപണം.

അതിനിടെ സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത വ്യക്തിത്വമാണ് മുകേഷിന്റേതെന്നും അവരെ ദ്രോഹിക്കുന്ന ക്രൂരനായ വ്യക്തിയാണ് അദ്ദേഹമെന്നുമുള്ള സരിതയുടെ മുന്‍ പ്രസ്താവനയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ച പ്രണയതകര്‍ച്ചയായിരുന്നു മുകേഷിന്റെയും സരിതയുടേയും. പിന്നീട് മുകേഷ് നര്‍ത്തകിയായ മേതില്‍ ദേവകിയെ ജീവിത സഖിയാക്കി.

തന്റെ അമ്പത്തി മൂന്നാം വയസിലാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം കഴിച്ചത്. മുപ്പത്തിയാറുകാരിയായ ദേവികയുടേയും രണ്ടാം വിവാഹമായിരുന്നു. ഇവര്‍ക്ക് ആദ്യ വിവാഹത്തില്‍ ഒരാണ്‍ കുഞ്ഞും ഉണ്ട്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പ് അവഗണിച്ചാണ് ദേവിക മുകേഷിനെ വിവാഹം ചെയ്തത്.

കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായിരിക്കെയാണ് മുകേഷ് മേതില്‍ ദേവികയെ പരിചയപ്പെടുന്നത്. പ്രശസ്ത നര്‍ത്തകിയായിരുന്ന ദേവികയും അക്കാദമി അംഗമായിരുന്നു. ഈ പരിചയം പ്രണയത്തിലും വിവാഹത്തിലുമെത്തി. ഇതെല്ലാം ഏറെ ചര്‍ച്ചയായി.

മലയാളത്തിലെ നാടക കുടുംബത്തില്‍ നിന്ന് മുകേഷ് സിനിമയിലെത്തുന്നത് എണ്‍പതുകളുടെ തുടക്കത്തിലാണ്. നാടകാചാര്യന്‍ ഒ മാധവന്റേയും വിജയകുമാരിയുടേയും മകനായ മുകേഷ് ബലൂണ്‍ എന്ന ചിത്രത്തിലൂടെ 1982ല്‍ വെള്ളിത്തിരയിലെത്തി. പിന്നീട് പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെ മോഹന്‍ലാലിനൊപ്പം മലയാളിയെ ചിരിപ്പിച്ച് മലയാളിയുടെ പ്രിയതാരമായി.

1987ലാണ് മുകേഷും സരിതയും വിവാഹം കഴിച്ചത്. സരിത മലയാളത്തിലും തമിഴിലും നായികയായി തിളങ്ങി നിന്ന കാലത്തായിരുന്നു അവരുടെ വിവാഹം. ഏതാനും ചിത്രങ്ങളില്‍ കൂടി അഭിനയിച്ച ശേഷം അവര്‍ കുടുംബിനിയായി മാറി. വിവാഹ ശേഷമാണ് മുകേഷിന്റെ കരിയര്‍ ഗ്രാഫ് ഉയരുന്നത്. 2007ലാണ് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുണ്ടെന്നത് പുറംലോകമറിയുന്നത്.