ചുഴലിക്കാറ്റ് വീശിയടിച്ച സമയം നോക്കി കള്ളന്മാര്‍ കേറി: തൃശൂരില്‍ വീട് കുത്തിത്തുറന്ന് 145 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു

single-img
7 October 2018

തൃശൂര്‍ മതിലകത്ത് വന്‍ കവര്‍ച്ച. വീട് കുത്തിത്തുറന്ന് 145 പവനും ഒരു ലക്ഷം രൂപയുമാണ് കവര്‍ന്നത്. മതിലകം പാലത്തിനടുത്ത് മംഗലപ്പിള്ളി അബ്ദുല്‍ അസീസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ആന്‍ഡമാനില്‍ വ്യവസായിയായ അബ്ദുല്‍ അസീസ് 20 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഇന്നലെ വ്യവസായ ആവശ്യാര്‍ത്ഥം ചെന്നൈയിലേക്ക് പോയിരുന്നു.

കാറ്റും മഴയും ഉള്ളതിനാല്‍ വീട്ടിലുള്ള മറ്റുള്ളവര്‍ ബന്ധുവീട്ടിലാണ് ഇന്നലെ താമസിച്ചത്. രാത്രി വൈകിയെത്തിയ അബ്ദുല്‍ അസീസും അവിടെ താമസിച്ചു. ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നത്. വീടിന്റെ പിറക് വശത്തെ വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. 65 സ്വര്‍ണ്ണ കോയിനുകള്‍,വജ്രമാല, ആഭരണങ്ങള്‍,ഒരു ലക്ഷം രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്.

സിസിടിവി കാമറയിലെ ഹാര്‍ഡ് ഡിസ്ക്കും കാണാനില്ല. സാധാരണ, സിസിടിവി കാമറ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റ് വഴി ഗൂഗിള്‍ ഡ്രൈവില്‍ ശേഖരിക്കാറുണ്ട്. ഇന്‍വെര്‍ട്ടര്‍ തകരാറിലായതിനാല്‍ ഇതും നടന്നില്ല. ഹാര്‍ഡ് ഡിസ്ക്ക് അങ്ങനെതന്നെ കള്ളന്‍മാര്‍ കൊണ്ടുപോയി. ഇനി, ആകെയുള്ള വഴി തൊട്ടടുത്ത വീടുകളിലെ സിസിടിവി കാമറകള്‍ പരിശോധിക്കലാണ്. കള്ളന്മാര്‍ കനോലി കനാല്‍ വഴി വന്നതിനാല്‍ പരിസരത്തെ സിസിടിവി കാമറകളില്‍ കുടുങ്ങാനുള്ള സാധ്യതയും കുറവാണ്.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ പോലീസ് വീട്ടില്‍ പരിശോധന നടത്തി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഡി.വൈ.എസ്.പി പറഞ്ഞു.