ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ സമവായ നീക്കം പാളി; ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രി കുടുംബം

single-img
7 October 2018

മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. റിവ്യൂ ഹർജിയിൽ തീരുമാനം ആയതിന് ശേഷം ചര്‍ച്ച മതി എന്നാണ് തന്ത്രി കുടുംബത്തിന്‍റെ തീരുമാനമെന്ന് ശബരിമല തന്ത്രി കണ്ഠരര് മോഹനരര് പറഞ്ഞു. എന്‍എസ്എസുമായി കൂടിയാലോചിച്ച ശേഷമാണ് തന്ത്രി കുടുംബത്തിന്റെ തീരുമാനം.

‘പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിലെ വിധി അറിഞ്ഞോട്ടെ, അതിന് ശേഷമാകാം ചര്‍ച്ചകളെന്ന് തന്ത്രി കണ്ഠരര് മോഹനരര് പറഞ്ഞു. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിര് നില്‍ക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂ. തുലാമാസ പൂജാസമയത്ത് വനിതാ പോലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്ന് തന്ത്രി പറഞ്ഞു.

സ്ത്രീപ്രവേശനത്തില്‍ വിധി വന്ന ഘട്ടത്തില്‍ തന്നെ താഴമണ്‍ കുടുംബം പന്തളം രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടതിവിധി നടപ്പാക്കുന്നത് ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ലംഘനമാണെന്ന് വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ വലിയതോതില്‍ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് താഴമണ്‍ കുടുംബവുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്.

തിങ്കളാഴ്ച ചര്‍ച്ചയ്ക്കായിട്ടാണ് മുഖ്യമന്ത്രി തന്ത്രി കുടുംബത്തെ ക്ഷണിച്ചിരുന്നത്. ആദ്യം ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചർച്ച നടത്താനായിരുന്നു ആലോചനയെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ ചർച്ച നടത്താൻ തീരുമാനിക്കുകയുമായിരുന്നു. സ്ത്രീപ്രവേശന വിധി നടപ്പാക്കണമെന്ന നിലപാടിൽ സർക്കാറിനും സിപിഎമ്മിനും വിട്ടുവീഴ്ചയില്ല.

മുസ്ലീം പള്ളികളിലടക്കം എല്ലാ ആരാധാനാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഎം നിലപാടെന്ന് കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. കോൺഗ്രസ്സും ബിജെപിയും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നത് സിപിഎം ഗൗരവമായി കാണുന്നുണ്ട്. വിധിക്കെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സമവായ ചർച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.