‘ഇവിടെ ബി.ജെ.പിക്കാര്‍ക്ക് പ്രവേശനമില്ല’; ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ യുപിയിലെ കർഷകർ

single-img
7 October 2018

‘കര്‍ഷക ഐക്യം പുലരട്ടെ. ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ ഗ്രാമത്തില്‍ പ്രവേശിക്കരുത്. നിങ്ങളുടെ സുരക്ഷക്ക് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി. കര്‍ഷക ഐക്യം പുലരട്ടെ..’ റോസുല്‍പൂര്‍ മാഫി ഗ്രാമത്തില്‍ കര്‍ഷകര്‍ സ്ഥാപിച്ച ബോര്‍ഡിലുളളതാണ് ഈ വാക്കുകള്‍.

കഴിഞ്ഞ ദിവസം യു.പി-ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക സമരത്തിന് നേരെ നടന്ന ക്രൂരമായ പോലീസ് ലാത്തിച്ചാര്‍ജിനെതിരെ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. ഇതിന്റെ ഭാഗമായാണ് കർഷകർ ഇത്തരത്തിൽ ബോര്‍ഡുകള്‍ വെച്ചത്. പ്രായമായ കര്‍ഷകരെ ഉള്‍പ്പടെ മര്‍ദ്ദിച്ച് അവശരാക്കിയ സര്‍ക്കാര്‍ നടപടി ബി.ജെ.പി വിരുദ്ധ വികാരമായാണ് കര്‍ഷക ഗ്രാമങ്ങളില്‍ പ്രചരിക്കുന്നത്.

റോസുല്‍പൂര്‍ മാഫി ഗ്രാമത്തിന് സമീപ ഗ്രാമങ്ങളിലെ ജനങ്ങളും ഇതിനോട് ഐക്യദാര്‍ഢ്യവുമായി ബി.ജെ.പി പ്രവര്‍ത്തകരെ വിലക്കാന്‍ ഒരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍. കര്‍ഷക സമരത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച ക്രൂരതയോട് ജനങ്ങള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ശിവസേന നേതാവ് മോഹന്‍ ഗുപ്ത പ്രതികരിച്ചു. തന്റെ ഗ്രാമത്തില്‍ ഇത്തരത്തിലുള്ള ബോര്‍ഡ് സ്ഥാപിച്ച് താനും ഇതില്‍ പങ്കാളിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ എസ്.സി എസ്.ടി ആക്ടിനെതിരായ സമരത്തില്‍ യു.പിയിലെ ബരബംങ്കി ജില്ലയിലെ ഉയര്‍ന്ന ജാതിക്കാരും സമാനമായ ബി.ജെ.പി വിരുദ്ധ പോസ്റ്ററുകള്‍ സ്ഥാപിച്ചിരുന്നു.