ന്യൂനമര്‍ദത്തിന് പിന്നാലെ തുലാവര്‍ഷവും: അഞ്ച് ജില്ലകളില്‍ ഇന്ന് കനത്ത മഴ

single-img
7 October 2018

തിരുവനന്തപുരം: ന്യൂനമര്‍ദവും ചുഴലിക്കാറ്റ് ഭീഷണിയും തുടരുന്നതിനിടെ സംസ്ഥാനത്ത് തുലാവര്‍ഷത്തിന് നാളെമുതല്‍ തുടക്കമായേക്കും. അടുത്ത വെള്ളിവരെ കേരളത്തില്‍ ഉച്ചകഴിഞ്ഞുള്ള മഴയ്ക്ക് ഇത് കാരണമാകും. സാധാരണ ഒക്ടോബര്‍ പകുതിയോടെയാണ് തുലാവര്‍ഷം എത്തുക. കേരള-തമിഴ്‌നാട് തീരത്തെ കനത്ത മഴമേഘങ്ങളുട സാന്നിധ്യം തുലാവര്‍ഷത്തെ ഇപ്രാവശ്യം നേരത്തെയാക്കി.

വയനാട്, മലപ്പുറം, പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥാ പ്രവചനം. കടൽ പ്രക്ഷുബ്ധമായതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്.. എല്ലാ കലക്ടർമാരോടും ജാഗ്രത തുടരാൻ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദം അതിശക്തമായി എന്നാണ് വിവരം. 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാനാണു സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. കാലാവസ്ഥാ വകുപ്പ് ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇത് ഒമാന്‍, യെമന്‍ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കാനിടയില്ലെങ്കിലും നാളെയും മറ്റന്നാളും സംസ്ഥാനത്തു ശക്തമായ മഴ ലഭിക്കും.