അയല്‍വാസിയുടെ അപവാദപ്രചരണം സഹിക്കാന്‍ വയ്യ;വയനാട്ടിലെ കൂട്ടആത്മഹത്യയ്ക്ക് പിന്നിൽ അപവാദപ്രചരണം;നാലംഗ കുടുംബത്തിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

single-img
7 October 2018

വെണ്‍മണി: നാടിനെ ഞെട്ടിച്ച നാലംഗ കുടുംബത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് അയല്‍വാസിയുടെ അപവാദപ്രചരണം എന്ന് ആത്മഹത്യ കുറിപ്പ്. ആത്മഹത്യ ചെയ്ത വിനോദിനേയും മറ്റൊരു സ്ത്രീയേയും ചേര്‍ത്ത് അയല്‍വാസി നാട്ടുകാരോടും, വിനോദിന്റെ അമ്മയോടും അപവാദപ്രചാരണം നടത്തിയതില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.ആത്മഹത്യചെയ്ത വിനോദിന്റെയും ഭാര്യയുടേതുമായ ഏഴ് കുറിപ്പുകളാണുള്ളത്.പോലീസ്, അടുത്ത സുഹൃത്ത് സുനീഷ്, അയല്‍ക്കൂട്ടം, കുടുംബശ്രീ, തിടങ്ങഴി നാട്ടുകാര്‍ തുടങ്ങി ഏഴ് കത്തുകളാണ് എഴുതിയിരിക്കുന്നത്.

മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുത്തി അപവാദങ്ങള്‍ പ്രചരിപ്പിച്ച വ്യക്തയാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും കുറിപ്പില്‍ പറയുന്നു. പ്രസ്തുത സ്ത്രീയെ സ്വന്തം സഹോദരിയായാണ് കാണുന്നത്. ഭാര്യ മിനിയുടേതായി രണ്ട് കത്തുകളുമുണ്ട്. തന്റെ ഭര്‍ത്താവിനെ തനിക്ക് അത്രയധികം വിശ്വാസമാണെന്നും അപഖ്യാതി പ്രചരിച്ച സ്ഥിതിക്ക് തങ്ങള്‍ ജിവിച്ചിരിക്കുന്നില്ലെന്നും മിനി എഴുതിയതെന്ന് കരുതുന്ന കത്തിൽ പറയുന്നു.

 

നാല് പേരെയും തോട്ടത്തിലെ കശുമാവിന്‍ ചോട്ടില്‍ കുഴിയെടുത്ത് അടക്കം ചെയ്യണമെന്നും കത്തില്‍ പറയുന്നതായി മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് കണ്ട് ശീതളപാനീയത്തിന്റെ സാമ്പിള്‍ മെഡിക്കല്‍ ലാബിലേക്ക് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.അയല്‍വാസിക്കെതിരെ അന്വേഷണം നടത്തിയതിന് ശേഷം വേണ്ടിവന്നാല്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാവിലെയായിരുന്നു അയല്‍വാസിയുടെ തോട്ടത്തില്‍ കശുമാവില്‍ നാല് പേരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ വിനോദിന്റെ മൃതദേഹത്തില്‍ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചതോടെ കാരണം വ്യക്തമാവുകയായിരുന്നു.