ബിഎസ്പിക്ക് പിന്നാലെ കോണ്‍ഗ്രസിനെ കൈവിട്ട് എസ്.പിയും; സഖ്യത്തിനില്ലെന്ന് അഖിലേഷ്

single-img
6 October 2018

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം പരീക്ഷിക്കാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. മായാവതിയുടെ ബിഎസ്പിക്കു പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ് സഖ്യം വിടാന്‍ തീരുമാനിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് ഇക്കാര്യം അറിയിച്ചത്.

ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസിനെ ഏറെ നാള്‍ കാത്തിരുന്നുവെന്നും ഇനിയും കാക്കാന്‍ കഴിയില്ലെന്നും അഖിലേഷ് പറഞ്ഞു. മായാവതിയുടെ ബിഎസ്പിയുമായി ചര്‍ച്ച തുടങ്ങാന്‍ പോകുകയാണ്. രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടിയും ഇത്രനാള്‍ കാത്തിരിക്കില്ല. ഞങ്ങള്‍ ആള്‍ബലമില്ലാത്ത പാര്‍ട്ടിയല്ല. മധ്യപ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്കു ശക്തി കുറവായിരിക്കാം. എങ്കിലും നാലാം സ്ഥാനത്തു ഞങ്ങളുണ്ട് അഖിലേഷ് പറഞ്ഞു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യം തീര്‍ക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമത്തിനേറ്റ മറ്റൊരു പ്രഹരമായി മാറുകയാണ് അഖിലേഷിന്റെ ഈ നിലപാട്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് നേരത്തെ ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മധ്യപ്രദേശില്‍ സഖ്യത്തില്‍ നിന്ന് പിന്മാറിയ ബി.എസ്.പി നിലപാട് തങ്ങളെ ബാധിക്കില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. സംസ്ഥാനങ്ങളിലെ സഖ്യവും കേന്ദ്രത്തിലെ സഖ്യവും വ്യത്യസ്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും യോജിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.