അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

single-img
6 October 2018

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി.റാവത്താണ് തീയതികള്‍ പ്രഖ്യാപിച്ചത്.

അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഛത്തീസ്ഗഡ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. അതേസമയം ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. നവംബര്‍ 12ന് വോട്ടെടുപ്പ് ആരംഭിച്ച് ഡിസംബര്‍ ഏഴിന് വോട്ടെടുപ്പ് അവസാനിക്കുന്ന വിധത്തിലാണ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഛത്തീസ്ഗഡില്‍ നവംബര്‍ 12നാണ് ഒന്നാം ഘട്ടവോട്ടെടുപ്പ്. രണ്ടാം ഘട്ടവോട്ടെടുപ്പ് നവംബര്‍ 20ന്. ആദ്യഘട്ടതില്‍ 18 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ 72 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 28നാണ് മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ്. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനിലെയും തെലുങ്കാനയിലെയും വോട്ടെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലേയും ഫലപ്രഖ്യാപനം ഡിസംബര്‍ 11നാണ്.