Breaking News

സംസ്ഥാനത്ത് ശക്തമായ മഴ: വടക്കന്‍ ജില്ലകളില്‍ വന്‍ നാശനഷ്ടം; കൂടുതല്‍ ഡാമുകള്‍ തുറക്കുന്നു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു: അതീവ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ ശക്തമായ മഴയാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്.

കോഴിക്കോട് നഗരത്തില്‍ രാത്രി മൂന്ന് മണിക്കൂര്‍ കൊണ്ട് 9.91 മില്ലി മീറ്റര്‍ മഴ പെയ്തതായാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴയെ തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. കാസര്‍ഗോഡ് കനത്തമഴയിലും കാറ്റിലും വ്യാപക നാശ നഷ്ടമുണ്ടായി.

നിരവധി കെട്ടിടങ്ങളും മരങ്ങളും തകന്ന് വീണു. അരമണിക്കൂര്‍ നേരമാണ് മഴപെയ്തത്. ഇതോടൊപ്പമെത്തിയ കനത്ത കാറ്റിലാണ് കെട്ടിടങ്ങളുടെ മേക്കൂര തകര്‍ന്നത്. ഒരു മൊബൈല്‍ ടവറും കാറ്റില്‍ നിലംപതിച്ചു. പലയിടത്തും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. തൃശ്ശൂരിലെ മലയോരമേഖലകളിലും ശക്തമായ മഴ തുടരുകയാണ്.

അതേസമയം തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കുന്നു. ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കുന്നതിനുള്ള നടപടികള്‍ കെഎസ്ഇബി തുടങ്ങി. ചെറുതോണി അണക്കെട്ടില്‍ കണ്‍ട്രോള്‍ റൂം ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും.

അണക്കെട്ടിന്റെ ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ 50000 ലീറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കാനാണു ആലോചന. അഞ്ചു ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ മാത്രം 40 സെന്റീമീറ്റര്‍ ഉയര്‍ത്താനാണു നീക്കം. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ മറ്റു ഷട്ടറുകളും ഉയര്‍ത്തും.

ഇന്നു 10 ന് കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. ചൊവ്വ രാവിലെ 2387.66 അടിയായിരുന്നു ജലനിരപ്പ്. സംഭരണയില്‍ ഇപ്പോള്‍ 83 ശതമാനം വെള്ളമുണ്ട്. 2403 അടിയാണു അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

കക്കയം അണക്കെട്ട് ഉച്ചയ്ക്ക് രണ്ടിനു തുറക്കും. പൊന്മുടി, മാട്ടുപ്പെട്ടി, മലങ്കര അണക്കെട്ടുകവുടെ ഷട്ടറുകള്‍ കൂടുതലുയര്‍ത്തും. കുറ്റ്യാടിപ്പുഴ, തൊടുപുഴയാര്‍, മുതിരപ്പുഴയാര്‍ തീരങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അതിനിടെ ഇടുക്കി ജില്ലയില്‍ രാത്രി 7 മണിക്കും രാവിലെ 7 മണിക്കും ഇടയില്‍ മലയോര മേഖലയില്‍ ഇന്നു മുതല്‍ യാത്രാ നിയന്ത്രണം ഉറപ്പുവരുത്തുമെന്ന് ഇടുക്കി കലക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. ജില്ലയില്‍ വിനോദസഞ്ചാരം (നീലക്കുറിഞ്ഞി സന്ദര്‍ശനം ഉള്‍പ്പെടെ), അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിങ്, ഓഫ് റോഡ് ഡ്രൈവിങ് എന്നിവ പൂര്‍ണമായി നിരോധിച്ചു.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കടല്‍ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഉടന്‍ മടങ്ങിയെത്തെണമെന്നും ഇനിയോരു അറിയിപ്പുണ്ടാകുന്നത് വരെ കടലില്‍ പോകരുതെന്നുമാണ് നിര്‍ദ്ദേശം. ജില്ലാ ഭരണകൂടങ്ങള്‍ തീരദേശങ്ങളില്‍ പ്രത്യേക നീരീക്ഷണവും തുടങ്ങിയിട്ടുണ്ട്.

അതേസമയം കടലില്‍ 200 നോട്ടിക്കല്‍ മൈലിന് അപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ ട്രോളിംഗ് ബോട്ടുകള്‍ക്ക് മുന്നറിയിപ്പ് കൈമാറാന്‍ ഇനിയും സാധിച്ചിട്ടില്ല. ചൂണ്ട വള്ളങ്ങള്‍ക്കും സന്ദേശം നല്‍കാനായിട്ടില്ല. കരയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈലാണ് വയര്‍ലെസ് സന്ദേശത്തിന്റെ ദൂരപരിധി.

200 നോട്ടിക്കല്‍ മൈലിന് അപ്പുറത്ത് മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്‍കണമെന്ന ആവശ്യം നടപ്പായില്ല. ഓഖിക്ക് ശേഷം സര്‍ക്കാര്‍ നടപ്പാക്കിയ സാഗര എന്ന ആപ്പും ഫലപ്രദമായില്ല. എന്നാല്‍ രണ്ട് ദിവസത്തിലൊരിക്കല്‍ കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാഴികള്‍ക്കും മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. ഇവരുടെ വള്ളങ്ങള്‍ വൈകിട്ടോടെ തീരമണഞ്ഞു തുടങ്ങി. മുന്നറിയിപ്പ് കണക്കിലെടുത്ത് നിലവില്‍ മത്സ്യത്തൊഴിലാഴികള്‍ ആരും കടലിലേക്ക് പോകുന്നില്ല.

ഇടുക്കി ജില്ലയില്‍ ജാഗ്രത തുടരുന്നു

ഇടുക്കി ജില്ലയില്‍ കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നു. അടിയന്തര സാഹചര്യം നേരിടുന്നതിന് സംസ്ഥാന ദുരന്തനിവരാണ അതോറിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. എല്ലാ താലൂക്കുകള്‍ക്കും ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഉരുള്‍പൊട്ടലിനും പ്രളയത്തിനും സാധ്യതയുള്ള മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാനും ഇടുക്കി ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.