അറബിക്കടലില്‍ ചുഴലിക്കാറ്റായി മാറാവുന്ന ന്യൂനമര്‍ദം രൂപംകൊണ്ടു: കേരളം അതീവ ജാഗ്രതയില്‍

single-img
5 October 2018

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കും തീരത്ത് ചുഴലിക്കാറ്റിനും സാധ്യത വര്‍ധിപ്പിച്ച് അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ലക്ഷദ്വീപിനു സമീപമാണ് ന്യൂനമര്‍ദപാത്തി രൂപംകൊണ്ടത്. അടുത്ത മുപ്പത്താറു മണിക്കൂറിനിടെ ഇത് കൂടുതല്‍ ശക്തി പ്രാപിക്കും.

ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി ഒമാന്‍ തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. അതിന്റെ ഫലമായി സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കടലിലുള്ളവര്‍ ഇന്നുതന്നെ തിരിച്ചെത്തണമെന്നും മുന്നറിയിപ്പ്.

അതേസമയം, ഇടുക്കി, ബാണാസുരസാഗര്‍ ഡാമുകള്‍ നാലുമണിക്ക് തുറക്കും. 50 ക്യുമെക്‌സ് വെള്ളം തുറന്നുവിടാനാണ് തീരുമാനം. 40 ക്യുമെക്‌സ് ജലമാണ് ഒഴുകിയെത്തുന്നത്. പമ്പയിലെ നിര്‍മാണജോലികള്‍ നിര്‍ത്തിവച്ചു. ആനത്തോട്, കൊച്ചുപമ്പ ഷട്ടറുകള്‍ തുറക്കുന്നത് കാരണമാണ് പണികള്‍ നിര്‍ത്തിവച്ചത്. ഇടുക്കി ഡാം ഒരുവര്‍ഷത്തില്‍ രണ്ടുതവണ തുറക്കുന്നത് ഇതാദ്യമാണ്.

തോട്ടപ്പള്ളി സ്പില്‍വേയുടെ 21 ഷട്ടറുകള്‍ തുറന്നു. ബാക്കി ഷട്ടറുകളും ഉയര്‍ത്താന്‍ നിര്‍ദേശം. തോട്ടപ്പള്ളി പൊഴി വീതികൂട്ടും. ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കേണ്ടി വന്നാല്‍ ഉപയോഗിക്കാവുന്ന കെട്ടിടങ്ങള്‍ കണ്ടെത്താന്‍ ആലപ്പുഴയില്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

ആവശ്യമെങ്കില്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ തുറക്കാനും ക്രമീകരണം. ആനത്തോട് ഡാം തുറന്നു. പക്ഷേ ഡാമില്‍ വെള്ളം കുറവായതിനാല്‍ പുറത്തേക്ക് വെള്ളം ഒഴുകില്ല. പമ്പയില്‍ ജലനിരപ്പ് ഉയരില്ല. ഷട്ടറിനു താഴെയാണ് ജലനിരപ്പ്. മഴ പെയ്തു ഷട്ടറിന്റെ ഉയരത്തോളം വെള്ളമെത്തിയാല്‍ പുറത്തേക്ക് ഒഴുകുന്നതിനു വേണ്ടിയാണ് തുറന്നിട്ടിരിക്കുന്നത്.

മഴ ശക്തമാകുമെന്ന അറിയിപ്പ് കണക്കിലെടുത്ത് പാലക്കാട് ജില്ലയിലും മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. അണക്കെട്ടുകളിലെ ജലനിരപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി മലമ്പുഴ, പോത്തുണ്ടി, മംഗലംഡാം അണക്കെട്ടുകളുടെ ഷട്ടറുകള്‍ വഴി നിശ്ചിത അളവില്‍ വെളളം തുറന്നുവിടുകയാണ്. നെല്ലിയാമ്പതി ഉള്‍പ്പെടെ മലയോരമേഖലകളിലെ യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടിയന്തരസാഹചര്യമുണ്ടായാല്‍ അതാത് പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ക്രമീകരിക്കുന്നതിനും നടപടിയായി.

എറണാകുളത്ത് ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ പി.ടി.ഷീലാദേവി ഏകോപിപ്പിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പോലീസ് റവന്യൂ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തും.

മലപ്പുറം ജില്ലയില്‍ നേരത്തെ ഉരുള്‍പൊട്ടലുണ്ടായ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രതാനിര്‍ദേശം. കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, ചാലിയാര്‍, മമ്പാട്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലായി അറുപതിടങ്ങളിലാണ് നേരത്തെ ഉരുള്‍പൊട്ടലുണ്ടായത്. ആവശ്യമെങ്കില്‍ മുന്‍പ് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ വീണ്ടും ക്യാംപ് തുടങ്ങാന്‍ സജ്ജമാകണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറത്തും ഇടുക്കിയിലും റെഡ് അലര്‍ട്ട് തുടരുകയാണ്. സംസ്ഥാനത്തുടനീളം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.