ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ വൈറല്‍

single-img
4 October 2018

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ പെണ്‍കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു. തിങ്കളാഴ്ച കല്ല്യാണിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. ട്രെയിനിലെ വാതില്‍ക്കല്‍ നിന്ന് യാത്രചെയ്യുകയായിരുന്നു പെണ്‍കുട്ടി.

തൊട്ടടുത്ത പാളത്തിലൂടെ മറ്റൊരു ട്രെയിന്‍ ആ സമയം കടന്നു പോകുന്നുണ്ടായിരുന്നു. ശക്തമായ കാറ്റില്‍ പെണ്‍കുട്ടി താഴെക്കു വീണെങ്കിലും കൂടെയുള്ള യാത്രക്കാരന്‍ പിടിച്ചതു കൊണ്ട് ട്രാക്കില്‍ വീണില്ല. മറ്റു യാത്രക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ വേഗം തന്നെ മുകളിലേക്കുയര്‍ത്താനായതു കൊണ്ട് പെണ്‍കുട്ടി അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

പെണ്‍കുട്ടിയുടെ വീഴ്ചയും രക്ഷപ്പെടലും അടങ്ങിയ വീഡിയോ മണിക്കൂറുകള്‍ക്കകം തന്നെ വൈറലായി. വീഡിയോ കണ്ട് റെയില്‍വേ പോലീസ് ചൊവ്വാഴ്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. പതിനേഴുകാരിയായ പെണ്‍കുട്ടി മുംബൈയിലെ താനെയ്ക്കു സമീപത്തെ ദിവ സ്വദേശിയാണ്.

ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് താഴേക്കു വീണതെന്ന് പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. ട്രെയിനില്‍ തിരക്കില്ലാതിരുന്നിട്ടും വാതിലിനരികില്‍ നിന്നതു കൊണ്ടാണ് അപകടമുണ്ടായതെന്ന് സഹയാത്രക്കാര്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി. ട്രെയിനിലെ വാതില്‍ക്കല്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഒരാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.