ആരെയും വാചകമടിച്ച് വീഴ്ത്തും; തിരുവനന്തപുരം സ്വദേശിനി പ്രിയയുടെ മോഹവലയത്തില്‍ വീണത് പ്രവാസികളും യുവാക്കളും; തട്ടിയെടുത്തത് ലക്ഷങ്ങള്‍

single-img
4 October 2018

ബിസിനസ് തന്ത്രങ്ങള്‍ പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ച് പണം തട്ടുന്ന യുവതി അറസ്റ്റില്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി പ്രിയയാണ് പിടിയിലായത്. പ്രിയയുടെ മോഹവലയത്തില്‍ വീണത് പ്രവാസികളും യുവാക്കളും ഉള്‍പ്പെടെ നിരവധി പേരാണെന്ന് പോലീസ് പറഞ്ഞു.

വെഞ്ഞാറമൂട് സ്വദേശിനിയായ പ്രിയ നാട്ടില്‍ ധനകാര്യ സ്ഥാപനം തുടങ്ങി പൊളിഞ്ഞു. പിന്നീട് അവിടെ നിന്ന് മുങ്ങി. ഗുരുവായൂര്‍ വെട്ടുകാടാണ് പിന്നെ എത്തിയത്. ഇതിനിടെ ഭര്‍ത്താവ് ഉപേക്ഷിച്ചു. മൂന്നു മക്കളുണ്ട്. കുന്നംകുളത്ത് വാടകവീട്ടിലായിരുന്നു താമസം.

അനാഥരായ മൂന്നു മക്കളെ ദത്തെടുത്തു വളര്‍ത്തുകയാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു. കേച്ചരി സ്വദേശിയായ പ്രവാസിയാണ് പ്രിയയുടെ വലയില്‍ ആദ്യം വീണത്. ഫെയ്‌സ്ബുക് വഴിയായിരുന്നു പരിചയപ്പെടല്‍. വാചകമടിച്ച് പ്രവാസിയെ വീഴ്ത്തി. മൂന്നു അനാഥ കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്ന മഹനീയ മനസിന്റെ ഉടമയാണ് പ്രിയയെന്ന് അറിഞ്ഞപ്പോള്‍ പ്രവാസിയുടെ സൗഹൃദം വളര്‍ന്നു.

സന്നദ്ധ പ്രവര്‍ത്തനത്തിനായി ചെറിയ സഹായങ്ങള്‍ വാങ്ങി. ഫെയ്‌സ്ബുക്കില്‍ നിന്ന് വാട്‌സാപ്പിലേക്ക് സൗഹൃദം മാറി. കുന്നംകുളത്ത് ഒരു ജ്വല്ലറി തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടെന്ന് പ്രിയ ആഗ്രഹം പ്രകടിപ്പിച്ചു. പതിനഞ്ചു വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്ന പ്രവാസിയാകട്ടെ ഇതു സമ്മതിച്ചു.

20 ലക്ഷം രൂപ പ്രിയയ്ക്കു നല്‍കി. കുന്നംകുളത്ത് മുറി വാടകയ്‌ക്കെടുത്തു. പ്രവാസി വന്നു നോക്കുമ്പോള്‍ പ്രിയ ജ്വല്ലറിയെന്ന ബോര്‍ഡ്. പിന്നെ, ഇന്റീരിയര്‍ വര്‍ക്കുകള്‍ നടക്കുന്നു. ഇന്റീരിയര്‍ ജോലികള്‍ ഏറ്റെടുത്ത യുവാവായിരുന്നു പിന്നത്തെ ഇര. ചൂണ്ടലില്‍ ധനകാര്യ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് ഈ യുവാവിനെ പറഞ്ഞു ധരിപ്പിച്ചു.

അഞ്ചു ലക്ഷം രൂപ നല്‍കി. ഇന്റീരിയര്‍ പണിക്കു വന്ന യുവാക്കളും നല്‍കി ലക്ഷങ്ങള്‍. ഒരു യുവാവിന് പണമില്ലാതെ വന്നതോടെ അമ്മയുടെ കെട്ടുതാലി മാല പണയപ്പെടുത്തി ഒന്നേമുക്കാല്‍ ലക്ഷം നല്‍കി. ഇങ്ങനെ, പതിനഞ്ചു പേരില്‍ നിന്നായി പ്രിയ തട്ടിയെടുത്തത് 75 ലക്ഷം രൂപയാണ്.

പ്രിയയുമായി പരിചയപ്പെടുന്ന ഓരോരുത്തരേയും പറഞ്ഞു പറ്റിക്കും. ഇംഗ്ലിഷിലും ഹിന്ദിയിലും അത്യാവശ്യം നന്നായി സംസാരിക്കാനുള്ള കഴിവുണ്ട്. വാചകമടിച്ചു വീഴ്ത്താനുള്ള കഴിവാണ് പ്രത്യേകത. തട്ടിയെടുക്കുന്ന പണം ധൂര്‍ത്തടിക്കും. കാര്‍ വാടകയ്‌ക്കെടുത്ത് കറങ്ങും.

നല്ല ഭക്ഷണം, ആഡംബര വസ്ത്രം, ഇങ്ങനെ പണം ധൂര്‍ത്തടിച്ച് തീര്‍ക്കും. തട്ടിപ്പു കേസില്‍ തിരുവനന്തപുരത്ത് 30 ദിവസം ജയിലില്‍ കിടന്നിരുന്നു. പിന്നെയാണ്, ധനകാര്യ സ്ഥാപനം നടത്തി മുങ്ങിയത്. പണം നല്‍കാനുണ്ടെന്ന ഒരു പരാതിയില്‍ കുന്നംകുളം പൊലീസ് വിളിച്ചപ്പോള്‍ വന്നില്ല. മുങ്ങി. ഇതോടെ, പൊലീസിന് സംശയമായി. അന്വേഷിച്ചപ്പോഴാണ് തിരുവനന്തപുരം പൊലീസിന്റെ പിടികിട്ടാപ്പുള്ളിയാണ് പ്രിയയെന്ന് മനസിലായത്.