പെട്രോള്‍ ഡീസല്‍ വില കുറച്ചു

single-img
4 October 2018

കുതിച്ചുയരുന്ന ഇന്ധനവിലയില്‍ വലയുന്ന ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചു. ഇന്ധനത്തിനുള്ള തീരുവ 1.50 രൂപ സര്‍ക്കാര്‍ കുറച്ചപ്പോള്‍ എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറച്ചെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

അതേസമയം, കേന്ദ്രനികുതിയില്‍ കുറവുണ്ടാകില്ല. കേന്ദ്രസര്‍ക്കാര്‍ ആകെ 2.50 രൂപ കുറച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളും വിലകുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈയിനത്തില്‍ 10,500 കോടിയുടെ കുറവ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകുമെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

വില കുറച്ചത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടികാഴ്ചക്ക് ശേഷമായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം. സംസ്ഥാനങ്ങളും 2.50 രൂപ തീരുവ കുറച്ചാല്‍ ജനങ്ങള്‍ക്ക് ആശ്വാസമാകും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം.

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വില കുറച്ചുകൊണ്ടുള്ള തീരുമാനം വന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ധന വില വര്‍ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ധനവില വര്‍ധന കമ്പനികള്‍ നിയന്ത്രിച്ചിരുന്നു. അതേസമയം രാജ്യത്ത് ഇന്നലെയും ഇന്ധനവില വര്‍ധിച്ചിരുന്നു.

പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. പെട്രോള്‍ 90 ലേക്കും ഡീസല്‍ 80 ലേക്കും കടന്നിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 87.25 രൂപയും ഡീസലിന് 80.63 രൂപയായി. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 87 രൂപയും ഡീസലിന് 80.31 രൂപയുമാണ് ഇന്നത്തെ വില. അതിനിടെ പാചക വാതക വിലയും വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് കടുത്ത പ്രതിസന്ധിയായിരിക്കുകയാണ്.