ഇന്ത്യയിലെ ഏറ്റവും ധനികനെന്ന സ്ഥാനം തുടര്‍ച്ചയായ 11–ാം വര്‍ഷവും മുകേഷ് അംബാനിക്ക്: മലയാളികളില്‍ എം.എ.യൂസഫലി

single-img
4 October 2018

മുംബൈ: തുടര്‍ച്ചയായി പതിനൊന്നാംതവണയും രാജ്യത്തെ കോടീശ്വരന്മാരില്‍ മുമ്പന്‍ മുകേഷ് അംബാനി തന്നെ. 47.3 ബില്യന്‍ ഡോളറാണു മുകേഷ് അംബാനിയുടെ ആകെ സമ്പാദ്യമെന്നു ഫോബ്‌സ് പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു. ഈ വര്‍ഷം ഏറ്റവുമധികം നേട്ടമുണ്ടാകിയതും മുകേഷാണ്–9.3 ബില്യന്‍ ഡോളര്‍.

റിലയന്‍സ് ജിയോയുടെ കുതിപ്പാണു മുകേഷ് അംബാനിയുടെ തുടര്‍വിജയത്തിന്റെ പ്രധാന കാരണം. വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി രണ്ടാംസ്ഥാനം നിലനിര്‍ത്തി. രണ്ടു ബില്യന്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്ത അസിം പ്രേംജി, സമ്പാദ്യം 21 ബില്യന്‍ ഡോളറാക്കി ഉയര്‍ത്തി.

ആര്‍സലര്‍ മിത്തല്‍ ചെയര്‍മാനും സിഇഒയുമായ ലക്ഷ്മി മിത്തലാണു മൂന്നാമത്. 1.8 ബില്യന്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്ത മിത്തല്‍, സമ്പാദ്യം 18.3 ബില്യനാക്കിയാണ് ഉയര്‍ത്തിയത്. പ്രവാസി വ്യവസായി എം.എ.യൂസഫലിയാണു മിഡില്‍ ഈസ്റ്റിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍.

ഏറ്റവും ധനികനായ മലയാളിയും ഇദ്ദേഹമാണ്. 26–ാം സ്ഥാനത്തുള്ള യൂസഫലിയുടെ സമ്പാദ്യം 4.75 ബില്യന്‍ ഡോളര്‍. 3.9 ബില്യന്‍ ഡോളറുമായി 33–ാം സ്ഥാനത്തുള്ള രവി പിള്ളയാണു പട്ടികയിലെ രണ്ടാമത്തെ മലയാളി. മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനി 68–ാം സ്ഥാനത്താണ്; സമ്പാദ്യം 2.44 ബില്യന്‍ ഡോളര്‍.