ചന്ദാ കൊച്ചാര്‍ രാജിവച്ചു

single-img
4 October 2018

ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാര്‍ രാജിവച്ചു. വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് രാജി. സന്ദീപ് ബക്ഷിയെ പുതിയ എംഡിയായും സിഇഒയായും നിയമിച്ചു.

അഞ്ച് വര്‍ഷമാണ് ബക്ഷിയുടെ കാലാവധി. 2023 ഒക്ടോബര്‍ മൂന്ന് വരെ ബക്ഷി തല്‍സ്ഥാനത്ത് തുടരും. വായ്പയെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും ബാങ്ക് മാനേജ്‌മെന്റ് അറിയിച്ചു. വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി 3,250 കോടി രൂപ വായ്പവായ്പ അനുവദിച്ചെന്ന പരാതിയിലാണ് ചന്ദാ കൊച്ചാറിനെതിരേ അന്വേഷണം നടക്കുന്നത്.

2012ലാണ് ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് വായ്പ അനുവദിച്ചത്. അന്വേഷണം ആരംഭിച്ചതോടെ ചന്ദാ കൊച്ചാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍, നേരത്തെ നിശ്ചയിച്ച അവധിയാണെന്നും നിര്‍ബന്ധിച്ച് അവധിയെടുപ്പിച്ചതാണെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബാങ്ക് അധികൃതര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് ചന്ദാ കൊച്ചാര്‍ തല്‍സ്ഥാനത്ത് തുടരുന്നതിനെതിരേ ഡയറക്ടടര്‍മാര്‍ രംഗത്ത് വന്നെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 2019 മാര്‍ച്ച് 31 വരെയായിരുന്നു ചന്ദാ കൊച്ചാറിന്റെ കാലാവധി.