ബിജെപിക്കെതിരെ മഹാസഖ്യത്തിനു തയാറെടുക്കുന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്കു തിരിച്ചടി; സഖ്യത്തിനില്ലെന്ന് മായാവതി

single-img
3 October 2018

കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞടുപ്പുകളില്‍ എല്ലാ സീറ്റുകളിലും ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി വ്യക്തമാക്കി. അടുത്തവര്‍ഷം പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മഹാസഖ്യത്തിനു തയാറെടുക്കുന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്കു കനത്ത തിരിച്ചടിയാണ് ബിഎസ്പിയുടെ തീരുമാനം.

പൊതുതിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ദലിത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണു മായാവതിയെ ഒപ്പംചേര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത്. ‘കോണ്‍ഗ്രസ് ആന്തരികമായി മാറിയിട്ടില്ല. ജാതീയ, സമുദായിക മുന്‍ഗണനകളാണ് ഇപ്പോഴുമുള്ളത്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സഖ്യം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്.

എന്നാല്‍ ചില നേതാക്കള്‍ ബിഎസ്പിയുടെ സാന്നിധ്യം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ബിജെപിയേക്കാള്‍ സഖ്യകക്ഷികളെ പരാജയപ്പെടുത്താനാണു കോണ്‍ഗ്രസിന്റെ ശ്രമം’– മായാവതി ആരോപിച്ചു. പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ ഏജന്‍സികളെ പേടിയാണ്.

കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനു സിബിഐയെ ഭയമാണ്. അദ്ദേഹം ബിജെപി ഏജന്റാണ്. നിയമസഭയില്‍ മാത്രമല്ല ലോക്‌സഭയിലും കോണ്‍ഗ്രസുമായി ബിഎസ്പി സഖ്യത്തിനില്ല- മായാവതി പറഞ്ഞു. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോണ്‍ഗ്രസുമായുള്ള കൂട്ട് ഉപേക്ഷിച്ചെന്ന സൂചന മായാവതി നേരത്തേയും നല്‍കിയിരുന്നു.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വിമതനേതാവ് അജിത് ജോഗിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ മായാവതി, മധ്യപ്രദേശില്‍ ഏതാനും സീറ്റുകളില്‍ ബിഎസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മധ്യപ്രദേശില്‍ 230 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കാനാണു തീരുമാനം. ഛത്തീസ്ഗഡില്‍ 35 സീറ്റില്‍ ബിഎസ്പിയും 55 സീറ്റില്‍ അജിത് ജോഗിയുടെ ജെസിസിയും മത്സരിക്കും.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലസഖ്യം രൂപീകരിക്കാമെന്ന രാഹുല്‍ ഗാന്ധിയുടെ നീക്കത്തിന് കൂടിയാണ് മായാവതിയുടെ ഈ നിലപാടോടെ മങ്ങലേറ്റത്. മായാവതിയെ പോലെ ശക്തമായ ദളിത് വോട്ടുബാങ്കുള്ള ഒരു നേതാവിന് വേണ്ടി ആവശ്യമെങ്കില്‍ പ്രധാനമന്ത്രി പദവിയില്‍ പോലും വിട്ടുവീഴ്ച ചെയ്യാമെന്നായിരുന്നു രാഹുലിന്റെ നിലപാട്. എന്നാല്‍ ആ തീരുമാനത്തോട് പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും യോജിപ്പില്ലായിരുന്നുവെന്നാണ് സൂചന.