കേരളത്തില്‍ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; മൂന്നാറിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

single-img
3 October 2018

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഒക് ടോബര്‍ അഞ്ചിനകം തിരിച്ചെത്തണം. മറ്റെന്നാള്‍ മുതല്‍ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണം. മുഖ്യമന്ത്രി ദുരന്തനിവാരണ വിഭാഗങ്ങളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.

മുന്നറിയിപ്പ് കണക്കിലെടുത്ത് കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാന്‍ ആവശ്യപ്പെടും. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതുള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പാടാക്കുമെന്നും ജില്ലാകളക്ടര്‍മാര്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേയ്ക്ക് പോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്നറിയിപ്പുകള്‍:

ന്യൂനമർദം രൂപം കൊള്ളുന്നതോടെ അതിശക്തമായ കാറ്റുണ്ടാകും; ശക്തമായ മഴയുമുണ്ടാകും

ജനങ്ങൾക്ക് അതീവജാഗ്രതാ നിർദേശം നൽകി

തീരദേശമേഖലയിലുള്ളവർക്ക് അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

ഒക്ടോബർ നാലിനുള്ളിൽ കടലിൽ പോയവർ തിരികെ വരണം

ഒക്ടോബർ നാലിന് ശേഷം ആരും കടലിൽ പോകരുത്

ഇടുക്കി, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിയ്ക്കുന്നു

ന്യൂനമർദ്ദം ശക്തമായാൽ കനത്ത മഴ പെയ്യാൻ സാധ്യത

മഴയും കാറ്റും ശക്തമായാൽ മരങ്ങൾ കടപുഴകി വീണേയ്ക്കാം

മലയോരമേഖലകളിൽ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യത

വീട് മാറാൻ നിർദേശം കിട്ടിയാൽ ഉടൻ മാറണം
മൂന്നാറിലേയ്ക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണം

ഒക്ടോബർ 5 ന് ശേഷം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീലക്കുറിഞ്ഞി കാണാനുള്ള യാത്ര വേണ്ട

പുഴകളിൽ കുളിയ്ക്കാനിറങ്ങരുത്

ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി
ലൈനുകൾ കടപുഴകി വീണേയ്ക്കാം

രാത്രിയാത്രകൾ പരമാവധി ഒഴിവാക്കുക
നിലവിൽ പ്രളയബാധിത പ്രദേശങ്ങളിൽ ഉച്ചഭാഷിണികളിൽ മുന്നറിയിപ്പ് നൽകും

കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെടും
എൻഡിആർഎഫിന്‍റെ കൂടുതൽ ടീമിനെ ആവശ്യപ്പെടും