റോഹിംഗ്യന്‍ കുടുംബം തിരുവനന്തപുരത്ത്; അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു; ഐബി അന്വേഷണം തുടങ്ങി

single-img
2 October 2018

തിരുവനന്തപുരത്തെത്തിയ റോഹിംഗ്യന്‍ കുടുംബത്തിലെ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ ഉള്‍പ്പെട്ട കുടുംബമാണ് തിരുവനന്തപുരത്തെത്തിയത്. റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ സംസ്ഥാനത്തേക്ക് എത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണിത്.

തിരിച്ചറിയല്‍ രേഖകള്‍ കൈവശമുള്ളതിനാല്‍ ഇവരെ തിരികെ അയക്കുമെന്ന് പോലീസ് അറിയിച്ചു. രണ്ട് വര്‍ഷമായി ഹൈദരാബാദില്‍ താമസിച്ചു വരികയാണെന്നും ജോലി തേടി കേരളത്തില്‍ എത്തിയതാണെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സംസ്ഥാന പൊലീസിനോടും വിവരം തേടി. ആയിരക്കണക്കിനു രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ട്രെയിനുകളില്‍ കേരളത്തിലേക്ക് എത്തുന്നതായി റെയില്‍വേ സംരക്ഷണ സേനയുടെ മുന്നറിയിപ്പുണ്ടായിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു കുടുംബത്തിനൊപ്പം സംഘങ്ങളായാണു രോഹിന്‍ഗ്യകള്‍ കേരളത്തിലേക്കു യാത്ര ചെയ്യുന്നത്. ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതതു സ്ഥലത്തെ പൊലീസിനു കൈമാറണമെന്നു രഹസ്യ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഏതൊക്കെ ട്രെയിനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.