വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്: നിയമം ലംഘിച്ചാല്‍ ഇനി പിഴ മാത്രമല്ല ശിക്ഷ; പൂര്‍ണ വിലാസം എഴുതി പ്രദര്‍ശിപ്പിച്ച് കേരള പോലീസ് നിങ്ങളെ നാണംകെടുത്തും

single-img
1 October 2018

കണ്ണൂര്‍: നഗരത്തില്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ പൊക്കി പൊലീസിന് മടുത്തു. മുന്നറിയിപ്പുകളും പിഴചുമത്തലുകളും വകവയ്ക്കാതെ നോ പാര്‍ക്കിങ് ബോര്‍ഡിന് താഴെ പോലുമാണ് ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നത്.

അനധികൃത പാര്‍ക്കിങ്ങ് മൂലം നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പോലീസ് രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. അനധികൃത പാര്‍ക്കിങ് നടത്തുന്ന വാഹന ഉടമകളെ നാണംകെടുത്തി നേര്‍വഴിക്കു നയിക്കാനാണ് ട്രാഫിക് പൊലീസിന്റെ പുതിയ തീരുമാനം.

നിയമം തെറ്റിച്ചു പാര്‍ക്ക് ചെയ്യുന്ന വാഹനത്തില്‍ ഉടമയുടെ പൂര്‍ണ വിലാസം എഴുതി പ്രദര്‍ശിപ്പിക്കാനാണ് ട്രാഫിക് പൊലീസിന്റെ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പിഴ അടയ്ക്കാനുള്ള രസീത് ഒട്ടിച്ചുവയ്ക്കുന്നതിനൊപ്പം വാഹന നമ്പര്‍ മോട്ടോര്‍ വാഹന വകുപ്പിനു കൈമാറും.

ഉടമയുടെ പേരും വിലാസവും ഉടന്‍തന്നെ ഇവര്‍ ലഭ്യമാക്കും. വെള്ളക്കടലാസില്‍ വലിയ അക്ഷരത്തില്‍ ഇതുകൂടി എഴുതി ഒട്ടിച്ചശേഷമേ പൊലീസ് പിന്മാറൂ. റെയില്‍വേ സ്റ്റേഷന്റെ കിഴക്കേ കവാടത്തില്‍ അനധികൃതമായി നിര്‍ത്തിയിട്ട വാഹന ഉടമകളുടെയെല്ലാം പേരും വിലാസവും ഇന്നലെ പൊലീസ് എഴുതി പ്രദര്‍ശിപ്പിച്ചിരുന്നു.

ട്രാഫിക് നിയമലംഘനം സംബന്ധിച്ച വിവരം മോട്ടോര്‍ വാഹന വകുപ്പിനുകൂടി കൈമാറുന്നതുകൊണ്ട് വീണ്ടും ഇതേ വാഹനം നിയമലംഘനം നടത്തുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ എളുപ്പമാണെന്നു ട്രാഫിക് എസ്‌ഐ കെ.വി.ഉമേശന്‍ പറഞ്ഞു. ഗതാഗതക്കുരുക്കുണ്ടാക്കുന്ന തരത്തില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളെ റിക്കവറി വാഹനങ്ങളുപയോഗിച്ച് സ്റ്റേഷനിലെത്തിച്ചു പിഴയിടുന്നുണ്ട്.

നിയമലംഘനത്തിനുള്ള പിഴയ്ക്കു പുറമെ റിക്കവറി വാഹനത്തിന്റെ വാടകയും നിയമം ലംഘിച്ച വാഹന ഉടമതന്നെ അടയ്ക്കണം. ദേശീയപാതയില്‍ ഇന്നു മുതല്‍ പരിശോധന ശക്തമാക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.