എന്തെങ്കിലും സംഭവിക്കുമോ എന്നോര്‍ത്ത് ഭയങ്കരമായി പേടിച്ചിട്ടുണ്ട്; രാഹുല്‍ ഈശ്വര്‍ ആണ് തീര്‍ച്ചയായും പോകണം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചത്: വെളിപ്പെടുത്തലുമായി സാബു മോന്‍

single-img
1 October 2018

ലോകത്തെ പല ഭാഷകളിലായി വിജയകരമായി പ്രക്ഷേപണം ചെയ്ത ബിഗ് ബ്രദര്‍ ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. മലയാളത്തിലേക്ക് ഈ ഷോ വന്നപ്പോള്‍ വലിയ തരത്തിലുള്ള വിമര്‍ശനങ്ങള്‍ തുടക്കം തൊട്ടേ ഉണ്ടായെങ്കിലും മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ഷോ അവസാനിച്ചത്.

ഷോ തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന പതിനാറ് പേരും ഇടയ്ക്ക് വന്ന രണ്ട് പേരുമടക്കം പതിനെട്ട് പേര്‍ മാറ്റുരച്ച ബിഗ് ബോസ് ഷോയില്‍ നൂറ് ദിവസവും വീടിനെ സജീവമാക്കി നിര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് ഒടുവില്‍ ജേതാവായി മാറിയ സാബു മോന്‍ അബ്ദുസമദ്.

പുറത്തുണ്ടായ പലതരം രാഷ്ട്രീയ വിവാദങ്ങളുടെ പേരില്‍ സാബുമോനെ ബിഗ് ബോസില്‍ പങ്കെടുപ്പിച്ചതിന് തുടക്കത്തില്‍ അതിശക്തമായ വിമര്‍ശനമാണ് പരിപാടിയ്ക്കും ചാനലിനും നേരെ ഉണ്ടായത്. എന്നാല്‍ ഷോ മുന്നോട്ട് പോകുന്നതിന് അനുസരിച്ച് ഇത്തരം വിവാദങ്ങള്‍ കെട്ടടങ്ങി തുടങ്ങി.

ഗെയിമില്‍ പങ്കെടുത്ത പതിനെട്ട് പേരും പലരീതിയിലാണ് മുന്നോട്ട് പോയതെങ്കിലും ഇവരില്‍ ഏറ്റവും കൂള്‍ ആയി നിന്നയാള്‍ സാബു മോനായിരുന്നു. ബിഗ് ബോസിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളിലും സാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഒരുഘട്ടത്തില്‍ വില്ലനായി തോന്നിപ്പിച്ച സാബുവിന്റെ മറ്റൊരു മുഖമാണ് മുന്‍പോട്ട് പോകും തോറും പ്രക്ഷകര്‍ കണ്ടത്.

സൗഹൃദത്തിനും മനുഷ്യത്വത്തിനും വലിയ വില കല്‍പിക്കുന്ന, ഏത് കാര്യത്തിലും സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ശക്തമായി പറയുന്ന, തന്നെ ചൊറിയാന്‍ വന്നാല്‍ അതിശക്തമായി ചൊറിയുന്ന സാബു പതുക്കെ പതുക്കെ ബിഗ്‌ബോസിലെ സര്‍വ്വവ്യാപിയായി മാറി.

തരികിട എന്ന ചാനല്‍ പരിപാടിയിലൂടെയാണ് സാബുമോന്‍ പ്രശസ്തനായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളത്തില്‍ ആരംഭിച്ച പ്രമുഖ ചാനലില്‍ തരികിടയോട് സാമ്യമുള്ള പരിപാടിയുമായെത്തിയ സാബു പിന്നെയും ശ്രദ്ധേയനായി. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചില ഇടപെടലുകള്‍ അദ്ദേഹത്തെ സിനിമാലോകത്ത് ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി രഞ്ജിനി ഹരിദാസുമായും, യുവമോര്‍ച്ച വനിതാ നേതാവായ ലസിത പാലയ്ക്കലുമായും ഫേസ്ബുക്കിലുണ്ടായ ഉരസല്‍ പൊലീസ് കേസായി മാറുകയും ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം മലയാളികള്‍ സാബുമോനെ കാണുന്നത് ബിഗ് ബോസ് മലയാളം ഷോ ആരംഭിച്ച ദിവസമാണ്.

അപ്രതീക്ഷിതമായി സാബുമോനെ, ബിഗ്‌ബോസ് അവതാരകനായെത്തിയ മോഹന്‍ലാല്‍ ക്ഷണിക്കുകയായിരുന്നു. ബിഗ് ബോസ് വീട്ടിലെത്തിയ സാബുമോനെ കാത്തിരുന്നത് രഞ്ജിനി ഹരിദാസടക്കമുള്ള പ്രശസ്തരും. കണ്ടമാത്രയില്‍ സാബുമോനോട് അനിഷ്ടം പ്രകടിപ്പിച്ച രഞ്ജിനി പക്ഷേ ബിഗ് ബോസ് ഹൗസ് വിടുന്നത് സാബുമോന്റെ ഉറ്റ ചങ്ങാതിയായിട്ടാണ്.

ബിഗ്‌ബോസ് വിജയിയായ ശേഷം സാബുമോന്‍ മനസ്സുതുറക്കുകയാണ്

‘ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ ഞാന്‍ വളരെ കണ്‍ഫ്യൂസ്ഡ് ആയിരുന്നു. എല്ലാവരും ഈ പരിപാടിയിലേക്ക് പോകരുതെന്ന് പറഞ്ഞപ്പോള്‍ രാഹുല്‍ ഈശ്വര്‍ ആണ് തീര്‍ച്ചയായും പോകണം എന്ന് പറഞ്ഞത്. അനൂപ്, സ്റ്റീഫന്‍ തുടങ്ങിയ സുഹൃത്തുകളോടൊക്കെ ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചു.

നിങ്ങള്‍ നമ്മളോടൊക്കെ ഇടപെടുന്ന പോലെ അവിടെയും പെരുമാറിയാല്‍ മതിയെന്നായിരുന്നു അവരുടെ അഭിപ്രായം. വേറെ ഒരുപാട് പേര്‍ എന്നോട് ബിഗ്‌ബോസിന് പോകരുതെന്നാണ് പറഞ്ഞത്. കോളേജില്‍ എന്റെ ജൂനിയറാണ് രാഹുല്‍ ഈശ്വര്‍, അവനാണ് എന്നെ വിളിച്ചു പറഞ്ഞത് നിര്‍ബന്ധമായും ഷോയ്ക്ക് പോണം എന്ന്. നിങ്ങള്‍ക്ക് നിങ്ങളാരാണ് എന്ന് കാണിക്കാനുള്ള അവസരമാണിതെന്നാണ് രാഹുല്‍ പറഞ്ഞത്.

എന്തായാലും പിന്നെ കൂടുതല്‍ പേരോടൊന്നും അഭിപ്രായം ചോദിക്കാന്‍ നിന്നില്ല ഉമ്മയോട് പറഞ്ഞു നേരെ ബിഗ് ബോസിലേക്ക് ഇറങ്ങി. രണ്ടാഴ്ച്ച കൊണ്ട് തിരിച്ചു വരാം എന്നായിരുന്നു എന്റെ കണക്കുകൂട്ടല്‍. ബിഗ് ബോസിന്റെ ആദ്യത്തെ ഘട്ടത്തില്‍ തന്നെ പുറത്താകും എന്നാണ് കരുതിയിരുന്ന ആളാണ് ഞാന്‍.

എന്നോട് ആളുകള്‍ക്കുള്ള ഒരു പൊതുവികാരം വച്ചായിരുന്നു അങ്ങനെ വിചാരിച്ചത്. കാരണം ആളുകള്‍ക്ക് പൊതുവേ എന്നോടൊരു വെറുപ്പാണല്ലോ. ഒരോ എലിമിനേഷനിലും പുറത്തുപോകാന്‍ തയ്യാറായിട്ടാണ് ഇരുന്നത്. എന്നാല്‍ പ്രേക്ഷകരുടെ പിന്തുണ തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്ന് സാബു പറയുന്നു.

ഞാന്‍ ഭയങ്കരമായി പേടിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് ഓര്‍ത്തല്ല. എന്റെ കുടുംബത്തിന് ഞാനൊരു ബാധ്യതയാവുമോ എന്നോര്‍ത്ത്. ഞാന്‍ എന്റെ കുടുംബത്തെ പൊതുവെ പബ്ലിക് പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടു വരാറില്ല. എനിക്ക് രണ്ട് ചെറിയ പെണ്‍കുട്ടികളാണ് നേരത്തെ ഒരു വിഷയത്തില്‍ എന്റെ കുടുംബത്തിന്റെ ഫോട്ടോയൊക്കെ വച്ച് എനിക്കൊരു ഭീഷണിയൊക്കെ വന്നിരുന്നു.

സാധാരണ രീതിയില്‍ അതൊക്കെ വാ നോക്കാം എന്ന മട്ടില്‍ എടുക്കുന്ന ആളാണ് ഞാന്‍ പക്ഷേ കുടുംബത്തെയൊക്കെ വലിച്ചിടുമ്പോള്‍ ഞാന്‍ അവര്‍ക്കൊരു ബാധ്യതയായി മാറുമോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ബിഗ് ബോസിലെ സാബു ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ തന്നെയാണ്… ഒരുപാട് സുഹൃത്തുകള്‍ എനിക്കുണ്ട് എന്നെ അറിയുന്നവര്‍ക്ക് എന്നെ ഇഷ്ടമാണ്. എന്റെ സുഹൃത്തുകള്‍ ആരും എന്നെ വിട്ടു പോയിട്ടില്ല. പക്ഷേ എന്നെ വെറുക്കുന്നവര്‍ക്ക് അങ്ങനെ തന്നെ നില്‍ക്കും ഞാനത് മാറ്റാന്‍ മെനക്കെടാറില്ല. ഞാന്‍ എല്ലാവരുടെ അടുത്തും സംസാരിക്കും കൂട്ടുകാരെ പറ്റിക്കുന്നതും വട്ടം കറക്കുന്നതുമൊക്കെ കുട്ടിക്കാലം തൊട്ടേ എന്റെ സ്ഥിരം പരിപാടിയാണ്.

കടപ്പാട്: ഏഷ്യാനെറ്റ്