ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് കീഴ്‌വഴക്കങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് രേഖകള്‍: അപേക്ഷ കിട്ടിയാല്‍ ഇനിയും ലൈസന്‍സ് നല്‍കുമെന്ന് ഇ.പി. ജയരാജന്‍; സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നു പ്രകാശ് കാരാട്ട്

single-img
1 October 2018

ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് ശേഷമാണ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്ന മന്ത്രിയുടെ വാദം പൊളിയുന്നു. 1998 ല്‍ ബ്രൂവറി അനുവദിച്ചത് എക്‌സൈസ് കമ്മിഷണറുടെ പ്രോജക്ട് റിപ്പോര്‍ട്ടിന്റെയും അതിന്റെയടിസ്ഥാനത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണെന്നു ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്.

എന്നാല്‍ 2018 ല്‍ ബ്രൂവറി അനുവദിച്ചത് കമ്മിഷണറുടെ, തൊഴില്‍ ലഭിക്കുമെന്ന റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തിലാണെന്ന് വ്യക്തമായി. 1967ലെ അബ്കാരി ആക്ടിലും ബ്രൂവറി നിയമത്തിലും പ്രോജക്ട് റിപ്പോര്‍ട്ടും അന്വേഷണ റിപ്പോര്‍ട്ടും അടക്കമുള്ള അപേക്ഷയാണ് അനുമതിക്ക് പരിഗണിക്കേണ്ടതെന്നുള്ളത് സൂചിപ്പിട്ടുണ്ട്.

എന്നാല്‍ ബ്രൂവറി, ഡിസ്റ്റിലറി വിവാദം കൊഴുത്തപ്പോള്‍ അനുമതിക്ക് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് വേണ്ട എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. അതായത് ജലത്തിന്റെ ലഭ്യത, സ്ഥലത്തിന്റെ ലഭ്യത, പരിസ്ഥിതിക്ക് അനുയോജ്യമാണോ, ലൈസന്‍സിക്കുള്ള മുന്‍ പരിചയം എന്നിവ അന്വേഷിച്ചുള്ള റിപ്പോര്‍ട്ട് അനുസരിച്ചാണ് അനുമതി നല്‍കേണ്ടത്.

എന്നാല്‍ എക്‌സൈസ് കമ്മിഷണറുടെ തൊഴില്‍ ലഭ്യതയ്ക്ക് അനുയോജ്യമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബ്രൂവറി അനുവദിച്ചതെന്നാണു 2018 ലെ ഉത്തരവില്‍ പറയുന്നത്. ഇതോടെ 1998 ല്‍ പാലിച്ച നയം എന്തുകൊണ്ട് 2018 ല്‍ പാലിച്ചില്ലെന്നതും മന്ത്രിയും വകുപ്പും വിശദീകരിക്കേണ്ടി വരും.

മാത്രമല്ല വിശദമായ പ്രോജക്ടു റിപ്പോര്‍ട്ടും, അന്വേഷണറിപ്പോര്‍ട്ടും പഠിച്ചശേഷം 1997 ല്‍ കൊടുത്ത അപേക്ഷയില്‍ 1998 ലാണ് തീരുമാനമെടുത്തത്. അതേസമയം 2018 ല്‍ മാര്‍ച്ച് മാസത്തില്‍ എക്‌സൈസ് കമ്മിഷണര്‍ കൈമാറിയ കണ്ണൂരില്‍ ശ്രീധരന്‍ ഡിസ്റ്റലറീസിന്റെ അപേക്ഷയില്‍ മൂന്നുമാസംകൊണ്ട് തന്നെ അനുമതി ഉത്തരവ് ഇറങ്ങുകയായിരുന്നു.

അതിനിടെ, സംസ്ഥാനത്ത് ബിയര്‍ നിര്‍മാണത്തിനുള്ള ബ്രൂവറികള്‍ അനുവദിച്ചതില്‍ തെറ്റില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ബ്രൂവറിക്കായി അപേക്ഷകള്‍ ലഭിച്ചാല്‍ ഇനിയും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് ആന്റണി സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് സംശയം ചോദിക്കേണ്ടത് ആന്റണിയോടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1999ല്‍ നിര്‍ത്തിവച്ച ബ്രൂവറി അനുമതി കേരളത്തില്‍ പുനരാരംഭിച്ചത് എ.കെ. ആന്റണിയാണെന്ന് എക്‌സൈസ് വകുപ്പ് രമേശ് ചെന്നിത്തലയ്ക്കു നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ നാല് കേന്ദ്രങ്ങള്‍ക്കും നല്‍കിയത് തത്വത്തിലുള്ള അനുമതിയാണെന്നും അത് ഉപയോഗിച്ച് മദ്യം ഉല്‍പാദിപ്പിക്കാനാവില്ലെന്നും വകുപ്പ് വിശദീകരിക്കുന്നു.

ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിച്ചതില്‍ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനോടു പത്തു ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. അതിനുള്ള മറുപടിയെന്ന നിലയിലാണു മന്ത്രിയുടെ ഓഫിസ് വിശദീകരണകുറിപ്പു പുറത്തിറക്കിയത്.

1999ല്‍ ഇ.െക. നായനാര്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ബ്രൂവറി അനുമതി ആരുടെ നിര്‍ദേശപ്രകാരമാണു പുനരാരംഭിച്ചതെന്നാണു പ്രതിപക്ഷ നേതാവിന്റെ ആദ്യ ചോദ്യം. 2003ലെ എ.കെ. ആന്റണി സര്‍ക്കാരാണു പുനരാരംഭിച്ചതെന്നാണു മന്ത്രിയുടെ മറുപടി. 98ല്‍ നായനാര്‍ സര്‍ക്കാര്‍ മലബാര്‍ ബ്രൂവറീസ് ലിമിറ്റഡിനു തത്വത്തിലുള്ള അംഗീകാരമാണു നല്‍കിയത്.

തത്വത്തിലുള്ള അംഗീകാരം റദ്ദാക്കാമെന്നിരിക്കെ പിന്നീട് അഞ്ച് വര്‍ഷം കഴിഞ്ഞ് 2003ല്‍ എ.കെ. ആന്റണി സര്‍ക്കാരാണ് ഈ കമ്പനിക്കു മദ്യോല്‍പാദനം തുടങ്ങാന്‍ സാധിക്കുന്ന ലൈസന്‍സ് നല്‍കിയത്. ഇത് ആരുടെ നിര്‍ദേശപ്രകാരമാണെന്നു രമേശ് ചെന്നിത്തല എ.കെ. ആന്റണിയോടു തന്നെ ചോദിക്കണമെന്നാണു മറുപടി. അതിന്റെ ഉത്തരവു പുറത്തുവിടാമോയെന്ന ചോദ്യത്തിനും ആന്റണിയോടു ചോദിച്ചു സംശയം മാറ്റാനും മറുപടിയില്‍ പറയുന്നു.

അതേസമയം ബ്രൂവറി വിവാദത്തില്‍ സംസ്ഥാന നേതൃത്വം നിലപാടു വ്യക്തമാക്കുമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചു തനിക്ക് അറിയില്ലെന്നും അതിനാല്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.