കേരള പോലീസിന്റെ കാടത്തം: മകളുടെ വിവാഹത്തലേന്ന് നിരപരാധിയായ പിതാവിനെ മാലപൊട്ടിക്കല്‍ കേസില്‍ 54 ദിവസം ജയിലിലടച്ചു: ബിസിനസും കുടുംബവും തകര്‍ന്ന് ഖത്തറിലെ പ്രവാസി

single-img
30 September 2018

മാലപൊട്ടിക്കല്‍ കേസില്‍ നിരപരാധിയെ 54 ദിവസം ജയിലിലടച്ചതായി പരാതി. കണ്ണൂര്‍ സ്വദേശി താജുദ്ധീനെയാണ് സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് പിടികൂടി ജയിലിലടച്ചതെന്ന് അഡ്വ. ജിയാസ് ജമാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഖത്തറില്‍ ബിസിനസ് നടത്തി വരികയായിരുന്ന താജുദ്ധീന്‍ മകളുടെ വിവാഹ ആവശ്യത്തിനായാണ് നാട്ടില്‍ വന്നത്. എന്നാല്‍ നിക്കാഹിന് 2 ദിവസം മുമ്പ് കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു മാല പൊട്ടിക്കല്‍ കേസില്‍ പ്രതിയാണെന്ന് പറഞ്ഞ് രാത്രി വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു.

നിരപരാധിയാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പലതവണ പറഞ്ഞിട്ടും പോലീസ് താജുദ്ധീനെ ജയിലിലടക്കുകയായിരുന്നു. 54 ദിവസം ജയിലില്‍ കിടന്ന ശേഷം ഒടുവില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മകളുടെ ഭാവിയും, രണ്ടുമക്കളുടെ പഠിത്തവും ഖത്തര്‍ ബിസിനസ്സും എല്ലാം നഷ്ടപ്പെട്ടു തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ് ഇപ്പോള്‍ താജുദ്ധീന്‍.

താജുദ്ധീന് നീതികിട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഡി.ജി.പി, മനുഷ്യാവകാശ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍ എന്നിവരെ സമീപിക്കാനൊരുങ്ങുകയാണ് താജുദ്ധീന്റെ കുടുംബം.

ജിയാസ് ജമാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് വേദനിപ്പിക്കുന്ന ഒരു വാര്‍ത്ത നിങ്ങളിലേക്ക് എത്തിക്കുകയാണ്….

ഇത് കണ്ണൂര്‍ സ്വദേശി താജുദ്ധീന്‍.. 20 വര്‍ഷമായി ഖത്തറില്‍ ബിസിനസ് നടത്തി വരുന്നു.. 25.06.2018 ന് മകളുടെ നിക്കാഹിനായി 15 ദിവസത്തെ ലീവിന് നാട്ടില്‍ വന്നു.. നിക്കാഹിന് 2 ദിവസം മുമ്പ് കതിരൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു മാല പൊട്ടിക്കല്‍ നടക്കുന്നു… CCTV യില്‍ പതിഞ്ഞ ആളിന്റെ രൂപസാദൃശ്യത്തിന്റെ പേരില്‍ പോലീസ് ഇദ്ദേഹത്തെ അര്‍ദ്ധ രാത്രിയില്‍ കസ്റ്റഡിയില്‍ എടുക്കുന്നു..

കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുന്നു.. 54 ദിവസം ജയിലില്‍.. ഒടുവില്‍ ഹൈക്കോടതി ജാമ്യം.. ഇപ്പോള്‍ മകളുടെ ഭാവി.., മകന്റെ പഠിത്തം, ചെറിയ മോന്റെ പടിത്തം, ഖത്തര്‍ ബിസിനസ്സ്, എല്ലാം നഷ്ടപ്പെട്ടു… നാളിതുവരെ പോലീസിന് തൊണ്ടി മുതലോ കൃത്യം നടത്തിയ വാഹനമോ കിട്ടിയില്ല… സംഭവ സമയം ഇദ്ദേഹം പോയ സ്ഥലങ്ങളും സാക്ഷികളും പോലീസ് ചെവികൊണ്ടില്ല…

സംഭവസമയം ഇദ്ദേഹം ഉപയോഗിച്ച മൊബൈല്‍ ലൊക്കേഷനുകള്‍ പരിശോധിച്ചാല്‍ മാത്രം മതി ഇദ്ദേഹം നിരപരാധിയാണന്ന് തെളിയാന്‍…ഇപ്പോള്‍ നാട്ടില്‍ കള്ളനെന്ന പേരും.. മാന നഷ്ടം, സാമ്പത്തിക നഷ്ടം, കുട്ടികളുടെ ഭാവി എല്ലാം അനിശ്ചിതത്വത്തില്‍ ആത്മഹത്യയുടെ വക്കിലുള്ള ഈ കുടുംബത്തിന് നീതി കിട്ടണം… വിഷയം മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഡി.ജി.പി ,മനുഷ്യാവകാശ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, മീഡിയ എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടുവരും… ഇദ്ദേഹത്തിന് നീതി കിട്ടുന്നത് വരെ കൂടെ ഉണ്ടാവും…

കടപ്പാട്

#shahul #mannarkkad..