കെഎസ്ആര്‍ടിസി ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവര്‍ കുഴഞ്ഞു വീണു; കണ്ടക്ടറുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

single-img
30 September 2018

പത്തനംതിട്ടയില്‍ നിന്നും മാവേലിക്കരയ്ക്കു പോകുകയായിരുന്ന വേണാട് ബസാണ് കണ്ടക്ടറുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടത്. സെന്റ്‌മേരിസ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തിനു സമീപം എത്തിയപ്പോള്‍ ഡ്രൈവര്‍ റോബി ജോര്‍ജ് തലകറങ്ങി മയങ്ങി വീണു.

ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി നിലവിളിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ കണ്ടക്ടര്‍ സൈദ് ഷിഹാസ് പിന്നില്‍ നിന്നും ഓടി ഡ്രൈവര്‍ ക്യാബിനില്‍ കയറി വണ്ടിയുടെ വേഗത നിയന്ത്രിച്ചു ഒതുക്കി നിര്‍ത്തുകയായിരുന്നു. ഓഡിറ്റോറിയത്തിന്റെ മതില്‍ ചേര്‍ത്ത് ഉരസിയാണ് ബസ് നിര്‍ത്തിയത്.

അപകടം കണ്ട സമീപത്തുണ്ടായിരുന്ന തുമ്പമണ്ണിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഓടിയെത്തി. കൂടെ ഉണ്ടായിരുന്ന സിഐടിയൂ അംഗമായ പ്രകാശ് വര്‍ഗീസ് ഉടന്‍ തന്നെ റോബിയെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തുടര്‍ പരിശോധയ്ക്കും ചികിത്സയ്ക്കുമായി പത്തനംതിട്ട ജനറല്‍ ഹോസ്പ്പിറ്റലിലേക്ക് അയച്ചു.

40 വയസ്സുകാരന്‍ ആയ റോബിയുടെ സ്വദേശം വയനാട് ആണ്. കൊല്ലം മൈനാഗപ്പള്ളി സ്വദേശിയാണ് കണ്ടക്ടറായ സെയ്ദ് ഷിഹാസ്. ഷിഹാസിന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍ അപകടം ഒഴിവാക്കാന്‍ സാധിച്ചതിനാല്‍ അഭിനന്ദന പ്രവാഹമാണ് അദ്ദേഹത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.