ബി.ജെ.പി വാഗ്ദാനം ചെയ്തത് 30 കോടിയും കാബിനറ്റ് പദവിയും; വെളിപ്പെടുത്തലുമായി കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ

single-img
30 September 2018

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചാല്‍ 30 കോടിയും കാബിനറ്റ് പദവിയും ബി.ജെ.പി വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എംഎല്‍എ. ലക്ഷ്മി ഹെബ്ബാല്‍ക്കറാണ് ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വനിതാ മോര്‍ച്ചാ പ്രസിഡന്റും എം.എല്‍.എയുമാണ് ലക്ഷ്മി ഹെബ്ബാല്‍ക്കര്‍.

കഴിഞ്ഞ മെയ് മാസത്തില്‍ ബി.ജെ.പിയിലെ ഒരു പ്രധാനപ്പെട്ട വനിതാ നേതാവാണ് ലക്ഷ്മിയെ ബന്ധപ്പെട്ടത്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയാണെന്നും പാര്‍ട്ടിയെ ചതിക്കില്ലെന്നും അപ്പോള്‍ തന്നെ മറുപടി നല്‍കിയെന്ന് ലക്ഷ്മി പറയുന്നു. ഹൈദരാബാദില്‍ വെച്ചാണ് ഫോണിലൂടെ ബിജെപി വനിതാ നേതാവ് വിളിച്ചത്.

ഓപ്പറേഷന്‍ താമരയെ പ്രതിരോധിക്കാനായി കോണ്‍ഗ്രസ് എം.എല്‍.എമാരെ ഹൈദരാബാദിലേക്ക് മാറ്റിയ സമയത്തായിരുന്നു ഇത്. എന്നാല്‍ ഫോണില്‍ ബന്ധപ്പെട്ട രാഷ്ട്രീയനേതാവ് ആരാണെന്ന് പരസ്യമാക്കാന്‍ ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ തയ്യാറായില്ല. ഇക്കാര്യം കോണ്‍ഗ്രസ് പ്രദേശിലെ മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു.

എന്നാല്‍ എം.എല്‍.എയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത്തരത്തില്‍ ബന്ധപ്പെട്ട നേതാവ് ആരാണെന്ന് എം.എല്‍.എ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും രാജ്യസഭാ അംഗവുമായ പ്രഭാകര്‍ കോള ആവശ്യപ്പെട്ടു.