വികസനം എത്താത്ത നാട്: കുട്ടികള്‍ സ്‌കൂളിലേക്ക് വരുന്നത് അലുമിനിയം ചെമ്പിലിരുന്ന് തുഴഞ്ഞ്: വീഡിയോ

single-img
29 September 2018

അസമിലെ ബിശ്വനാഥ് ജില്ലയിലെ സൂട്ടി എന്ന ചെറു ഗ്രാമത്തിലെ കുട്ടികളാണ് അലുമിനിയം ചെമ്പിലിരുന്ന് തുഴഞ്ഞ് സ്‌കൂളിലേക്ക് വരുന്നത്. സ്‌കൂള്‍ ബാഗുകളേന്തി പുഴക്കരയിലെത്തി ചെമ്പുകളോരോന്നായി പുഴയിലേക്കിറക്കി ബാഗ് വെച്ച് അതില്‍ കയറിയിരുന്ന് തുഴയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ നാട്ടില്‍ പാലമില്ല, ബോട്ടില്ല. ഇവിടുത്തെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും വരാനും വലിയൊരു പുഴ കടക്കണം. വേറെ വഴിയില്ല. ഇതു നിത്യ സംഭവമാണെന്നും കുട്ടികള്‍ സ്ഥിരമായി സ്‌കൂളിലെത്തുന്നതും തിരിച്ചു വീടുകളിലേക്ക് മടങ്ങുന്നതും ഇങ്ങനെ തന്നെയാണെന്നും ഇവര്‍ പഠിക്കുന്ന പ്രൈമറി സ്‌കൂളിലെ ടീച്ചര്‍ പറഞ്ഞു.

മുമ്ബ് വാഴ കൊണ്ടു അവര്‍ തന്നെ നിര്‍മ്മിച്ച തോണികളിലായിരുന്നു പുഴ കടന്നിരുന്നത്. പ്രദേശത്തെങ്ങും ഒരു റോഡു പോലുമില്ല. ഇങ്ങനെയൊരു പ്രദേശത്തൊരു സര്‍ക്കാര്‍ സ്‌കൂള്‍ എങ്ങനെ വന്നുവെന്നത് അതിശയമാണെന്നും ഈ പ്രദേശത്തെ ജനപ്രതിനിധിയും ബിജെപി നേതാവുമായ പ്രമോദ് ബോര്‍ത്താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു.

ഇവിടെ പിഡബ്ല്യുഡി റോഡില്ല, എങ്ങനെയാണ് ഇങ്ങനെ ദ്വീപ് പോലൊരു സ്ഥലത്ത് സര്‍ക്കാര്‍ സ്‌കൂള്‍ പണിതത്. കുട്ടികള്‍ക്കായി ഒരു ബോട്ട് ഏര്‍പ്പാടാക്കാവുന്നതേയുള്ളൂ, ജില്ലാ അധികാരികളുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുമെന്നും പ്രമോദ് ബോര്‍ത്താക്കൂര്‍ പറഞ്ഞു.