സാമൂഹ്യ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രത്യേക അന്വേഷണമില്ല; വീട്ടുതടങ്കല്‍ തുടരാം: സുപ്രീം കോടതി • ഇ വാർത്ത | evartha
Breaking News

സാമൂഹ്യ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രത്യേക അന്വേഷണമില്ല; വീട്ടുതടങ്കല്‍ തുടരാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭീമാ കോറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് സാമൂഹിക പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ നാലാഴ്ച കൂടി തുടരുമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്ന ഹര്‍ജി ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കോടതി തള്ളി. അന്വേഷണ നടപടികളുമായി പൂണെ പോലീസിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.

മനുഷ്യാവകാശ പ്രവര്‍ത്തകരോടുള്ള എതിര്‍പ്പല്ല അവര്‍ക്ക് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് മനസിലാകുന്നതെന്ന് പറഞ്ഞ കോടതി കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം തള്ളി.

ഇത് കെട്ടിച്ചമച്ച കേസാണോ അല്ലയോ എന്ന് പരിശോധിക്കേണ്ട സാഹചര്യം ഇപ്പോളില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ചരിത്രകാരിയും ആക്ടിവിസ്റ്റുമായി റോമില ഥാപ്പര്‍, ചരിത്രകാരനും സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്‌നായിക്, സതീശ് ദേശ്പാണ്ഡേ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് വിധി. ജസ്റ്റിസുമാരായ എ എന്‍ ഖന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മൂന്നംഗ ബെഞ്ചിലെ മറ്റു രണ്ടുപേരുടെ വിധിയോട് ചന്ദ്രചൂഡ് വിയോജിപ്പ് അറിയിച്ചു. സാമൂഹ്യ പ്രവര്‍ത്തകരുടെ അറസ്റ്റ് പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപ്രേരിതവുമാണെന്ന നിലപാടാണ് ചന്ദ്രചൂഡ് സ്വീകരിച്ചത്.

തെലുങ്കു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ദപ്രവര്‍ത്തകന്‍ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പുണെ പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത്.