റഫാലില്‍ മോദിയെ പിന്തുണച്ച് പവാറിന്റെ പ്രസ്താവന; എന്‍സിപിയില്‍ പൊട്ടിത്തെറി; താരിഖ് അന്‍വര്‍ എന്‍സിപി വിട്ടു

single-img
28 September 2018

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ പിന്തുണച്ച എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അടുത്ത അനുയായി താരിഖ് അന്‍വര്‍ പാര്‍ട്ടി വിട്ടു. റഫാലില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യത്തില്‍ പവാറിന്റെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് താരിഖ് അന്‍വര്‍ പിന്നീട് പ്രതികരിച്ചു.

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന താരിഖ് അന്‍വര്‍ ലോക്‌സഭാ എം.പി സ്ഥാനും രാജിവെച്ചു. പാര്‍ട്ടി വിട്ട അന്‍വര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. റഫാല്‍ ഇടപാടില്‍ നരേന്ദ്രമോദിയുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് ജനങ്ങള്‍ക്ക് സംശയമില്ലെന്നായിരുന്നു എന്‍.സി.പി അധ്യക്ഷന്‍ ശരദ്പവാറിന്റെ പരാമര്‍ശം.

കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പവാറിന്റെ പ്രസ്താവന ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ വ്യാപകമായി ഉപയോഗിക്കുയും ചെയ്തിരുന്നു. നിലവില്‍ ബിഹാറിലെ കത്തിഹാറില്‍നിന്നുള്ള എം പിയായ താരിഖ് അന്‍വര്‍, പവാറിന്റെ അടുത്ത അനുയായി കൂടിയാണ്. സോണിയയുടെ വിദേശപൗരത്വം ഉന്നയിച്ച് കോണ്‍ഗ്രസ് വിട്ട് എന്‍സിപി രൂപവത്കരിച്ചത് പവാറും സാങ്മയും താരിഖ് അന്‍വറും ചേര്‍ന്നായിരുന്നു.