ആയിരക്കണക്കിന് കിലോമീറ്റര്‍ നീന്തി അവ ജനിച്ച സ്ഥലത്തു തന്നെ മുട്ടയിടാന്‍ തിരിച്ചുവരുന്ന ജീവി!

single-img
28 September 2018

ജന്തുക്കളില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ മുന്‍പന്തിയിലാണ് കടലാമകള്‍. ചിലതിന് നൂറിലേറെ വര്‍ഷം ആയുസുണ്ടാവും. വെള്ളത്തില്‍ ജീവിക്കുന്ന ആമകളെ കടലാമ എന്നും കരയില്‍ വസിക്കുന്നവയെ കരയാമ എന്നുമാണ് പൊതുവെ വിളിക്കുന്നത്. കടലാമകള്‍ മുട്ടയിടാന്‍ വേണ്ടി ആയിരക്കണക്കിന് കിലോമീറ്റര്‍ നീന്തി അവ ജനിച്ച സ്ഥലത്തു തന്നെ തിരിച്ചുവരുന്നു.

ഇവ സമുദ്രതീരത്തെ മണലില്‍ കുഴികളുണ്ടാക്കി അവയിലാണ് മുട്ടയിടുന്നത്. കടലാമകള്‍ക്ക് ബാഹ്യ കര്‍ണമില്ല. അവയുടെ ചര്‍മത്തില്‍ ആന്തരിക കര്‍ണങ്ങളുടെ അസ്ഥികളുണ്ട്. ഇവ ചുറ്റുപാടുമുള്ള ചലനങ്ങള്‍, താഴ്ന്ന തരംഗത്തിലുള്ള ശബ്ദങ്ങള്‍ എന്നിവ സ്വീകരിച്ച് ആമകള്‍ക്ക് ശ്രവണത്തിനു സഹായിക്കുന്നു.

പച്ച കടലാമകള്‍ക്ക് വെള്ളത്തിനടിയില്‍ മണിക്കൂറുകളോളം അന്തരീക്ഷവായു സമ്പര്‍ക്കമില്ലാതെ കഴിയുവാന്‍ സാധിക്കും. ഇത് സാധ്യമാക്കാന്‍ ആമകള്‍ തങ്ങളുടെ ഹൃദയമിടിപ്പ് കുറയ്ക്കുന്നു. ഈ അവസരത്തില്‍ ഓരോ ഹൃദയമിടിപ്പിന്റെയും ദൈര്‍ഘ്യം ഒന്‍പതു മിനിറ്റുകളായിരിക്കും. ഇത്തരത്തില്‍ ഹൃദയമിടിപ്പ് കുറയ്ക്കുമ്പോള്‍ ആമകള്‍ക്ക് ഓക്‌സിജന്‍ നിലനിര്‍ത്താന്‍ സാധിക്കും.

വെള്ളത്തില്‍ നീന്താന്‍ ഉപകരിക്കുന്ന തരത്തിലാണ് കടലാമയുടെ കാലുകള്‍ രൂപപ്പെട്ടിരിക്കുന്നത്. കാല്‍വിരലുകള്‍ ചര്‍മത്താല്‍ ബന്ധിക്കപ്പെട്ടിട്ടുണ്ട്. കടലാമകളില്‍ ചില സവിശേഷ ഗ്രന്ഥികള്‍ ഉണ്ട്. ആമകള്‍ കടല്‍ വെള്ളം കുടിക്കുമ്പോള്‍ ഈ ഗ്രന്ഥികള്‍ കടല്‍വെള്ളത്തിലെ ഉപ്പു വേര്‍തിരിച്ച് അത് ശുദ്ധജലമാക്കി ആമകള്‍ക്കു നല്‍കുന്നു. കടലാമകളുടെ പുറംതോട് 60 അസ്ഥികള്‍ ചേര്‍ന്ന് രൂപപ്പെട്ടിരിക്കുന്നു. മനുഷ്യരുടെ നഖങ്ങള്‍ രൂപം കൊണ്ടിരിക്കുന്ന് കെരാറ്റിന്‍ എന്ന പദാര്‍ഥം കൊണ്ടാണ് ആമകളുടെ പുറംതോടും നിര്‍മിക്കപ്പെട്ടിരിക്കുന്നത്.