13കാരിയെ തേടിയെത്തിയത് 200 പുരുഷന്‍മാര്‍; ‘കിക്കി’ല്‍ കുടങ്ങിയത് 1,100 പെണ്‍കുട്ടികള്‍

single-img
27 September 2018

വാട്‌സാപ്പും ഫെയ്‌സ്ബുക്കും തുടങ്ങി സജീവ ചാറ്റ് ആപ്പുകള്‍ക്ക് പുറമെ നൂറായിരം പരസ്യവും രഹസ്യവുമായ ആപ്പുകള്‍ ഓണ്‍ലൈനില്‍ സജീവമാണ്. ഇതിലൊന്നാണ് കിക്ക്. കൃത്യമായ വിവരങ്ങള്‍ നല്‍കാതെ ആര്‍ക്കും എപ്പോഴും അക്കൗണ്ട് തുടങ്ങാവുന്ന കിക്കില്‍ വ്യാജന്‍മാരുടെ വിളയാട്ടമാണ്.

പെണ്‍കുട്ടികളെ ലക്ഷ്യമിട്ടിറങ്ങുന്ന നിരവധി വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍, വിലാസം, ഫോട്ടോ എന്നിവ ഇല്ലെങ്കിലും അക്കൗണ്ട് തുടങ്ങാം. കുറഞ്ഞ കാലത്തിനിടെ കുട്ടികള്‍ക്കിടയില്‍ ഹിറ്റായ കിക്ക് ഇപ്പോള്‍ വന്‍ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്.

രാജ്യാന്തര മാധ്യമങ്ങളെല്ലാം കിക്കിന് പിന്നിലെ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. കിക്ക് ആപ്പ് ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിക്ക് ആപ്പില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കിക്ക് ആപ്പ് വഴി 1,100 പെണ്‍കുട്ടികളാണ് ചൂഷണത്തിന് ഇരയായത്. ഇത് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ മാത്രമാണ്. എന്നാല്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയ പെണ്‍കുട്ടികളെ കണ്ടെത്തി, തന്ത്രങ്ങളിലൂടെ അവരെ വീഴ്ത്തി ചിത്രങ്ങളും വിഡിയോയും പകര്‍ത്തി ചൂഷണം ചെയ്യുകയാണ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌നചിത്രങ്ങളും വിഡിയോകളും ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നുണ്ട്. കിക്കില്‍ അക്കൗണ്ട് തുടങ്ങി ലൈംഗിക ചൂഷണത്തിനിരയായ, പതിമൂന്നുകാരി ടെയ്‌ലറിന്റെ (യഥാര്‍ഥ പേരല്ല) അനുഭവും ബിബിസി റിപ്പോര്‍ട്ടിലുണ്ട്. ടെയ്‌ലറുമായി ലൈംഗിക ചാറ്റിന് വന്നത് ഇരുന്നൂറിലേറെ പുരുഷന്മാരാണ്.

കിക്ക് ആപ്പിലെ കുറ്റവാളികളെ തേടി ബ്രിട്ടിഷ് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അക്കൗണ്ടുകളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. 2009ല്‍ തുടങ്ങിയ കിക്കിന് ഏകദേശം 30 കോടിയില്‍ കൂടുതല്‍ ഉപയോക്താക്കളുണ്ട്.