സമുദ്രനിരപ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ മിനി ഇസ്രായേല്‍ – കസോള്‍: സഞ്ചാരികള്‍ കണ്ടിരിക്കേണ്ട സ്ഥലം

single-img
27 September 2018

ഹിമാചല്‍പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ കുളുവില്‍ നിന്ന് 42 കിലോമീറ്റര്‍ കിഴക്കായി സമുദ്രനിരപ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് കസോള്‍. ഹിമാചല്‍ പ്രദേശിലെ മിനി ഇസ്രായേല്‍ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

പാര്‍വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ താഴ്വരയെ പാര്‍വതി വാലി എന്ന പേരിലാണ് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. മണികരനില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയായാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്. പാര്‍വതി നദിക്ക് കുറുകെയുള്ള പാലത്തിന് അപ്പുറവും ഇപ്പുറവുമായി കിടക്കുന്ന കസോള്‍ ഓള്‍ഡ്കസോള്‍, ന്യൂ കസോള്‍ എന്നിങ്ങനെ രണ്ടായി തിരിക്കപ്പെട്ടിട്ടുണ്ട്.

താഴ്വരയും, ആകാശത്തോളം നില്‍ക്കുന്ന മലനിരകളും വര്‍ഷം മുഴുവന്‍ അനുഭവപ്പെടുന്ന പ്രസന്നമായ കാലവസ്ഥയും മാത്രമല്ല അധികം ജനത്തിരക്കില്ലാത്ത സ്ഥലംകൂടി ആയതുകൊണ്ടാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഹിമാലയന്‍ ട്രെക്കിംഗിനുള്ള ബേസ് ക്യാമ്പ് കസോളിലാണ്.

സര്‍പാസ്, യാന്‍കെര്‍പാസ്, പിന്‍പാര്‍ബതി പാസ്, ഖിരിഗംഗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രെക്കിംഗ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഇസ്രായേലില്‍ നിന്നുള്ള സഞ്ചാരികളാണ് കസോളില്‍ ഏറ്റവും കൂടുതല്‍ എത്തുന്നത്. പാശ്ചാത്യ ശൈലിയിലുള്ള ഭക്ഷണവും വസ്ത്രങ്ങളുമൊക്കെ കസോള്‍ എന്ന കൊച്ച് ഗ്രാമത്തില്‍ ലഭ്യമാണ്.