ബുള്ളറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുതിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 പുറത്തിറങ്ങി

single-img
27 September 2018

ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഏറ്റവുമധികം താരത്തിളക്കം നേടിയ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ മോഡലുകള്‍. ചരിത്രത്തിലാദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന പാരലല്‍ ട്വിന്‍ എന്‍ജിനുമായി എത്തുന്ന ബൈക്കുകള്‍ വിപണിയില്‍ വിജയം കൊയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടി 650 യിലും കമ്പനി സമര്‍പ്പിക്കുന്നുണ്ട്. 5,999 ഡോളറിന് (4.36 ലക്ഷം രൂപ) ഇന്റര്‍സെപ്റ്റര്‍ 650 കസ്റ്റം മോഡല്‍ വിപണിയില്‍ എത്തുമ്പോള്‍, കോണ്‍ടിനന്റല്‍ ജിടി 650 കസ്റ്റം മോഡലിന് 6,249 ഡോളറാണ് (4.53 ലക്ഷം രൂപ) വില.

സമാനമായി ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ക്രോം മോഡലുകള്‍ക്ക് യഥാക്രമം 6,499 ഡോളര്‍ (4.72 ലക്ഷം രൂപ), 6,749 ഡോളര്‍ (4.90 ലക്ഷം രൂപ) എന്നിങ്ങനെയാണ് വിപണിയില്‍ വില. 648 സിസി ഓയില്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളില്‍ തുടിക്കുന്നത്. എഞ്ചിന് 47 യവു കരുത്തും 52 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയോടെയാണ് ആറു സ്പീഡ് ഗിയര്‍ബോക്‌സ് ഒരുങ്ങുന്നത്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് 650 ബൈക്കുകളില്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും. അമേരിക്കന്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്ന 650 മോഡലുകളില്‍ മൂന്നുവര്‍ഷം അല്ലെങ്കില്‍ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറന്റിയും 24X7 റോഡ് അസിസ്റ്റന്‍സ് സേവനങ്ങളും റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കും.

മോഡലുകള്‍ ഇന്ത്യയില്‍ വരുമ്പോള്‍ മൂന്നുവര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ വാറന്റിയും റോഡ്‌സൈഡ് അസിസ്റ്റന്‍സുമായിരിക്കും കമ്പനി ഉറപ്പുവരുത്തുക. ഇന്ത്യയില്‍ മോഡലുകള്‍ക്ക് വിലകുറയാനാണ് സാധ്യത. എന്തായാലും ബൈക്കുകള്‍ അമേരിക്കയില്‍ പുറത്തിറങ്ങിയ സ്ഥിതിക്ക് ഇനി ഇന്ത്യന്‍ വരവിന് കാലതാമസം നേരിടില്ല.