ആലപ്പുഴയില്‍ അധ്യാപിക പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടിയ സംഭവം: പോലീസിന്റെ കണ്ണുവെട്ടിച്ച് ഇരുവരും കേരളം വിട്ടെന്ന് സൂചന

single-img
27 September 2018

ചേര്‍ത്തല: ആലപ്പുഴ തണ്ണീര്‍മുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയെയും വിദ്യാര്‍ഥിയെയും കാണാതായ സംഭവത്തില്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം.

ഇരുവരും സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് തമിഴ്‌നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണ്. കന്യാകുമാരി കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയിരുന്ന മുഹമ്മ എസ്.ഐ അജയ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘം മധുരയിലേക്ക് തിരിച്ചിട്ടുണ്ട്.

ഇതിനൊപ്പം ചേര്‍ത്തല എസ്.ഐ ജി.അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇടുക്കി, വയനാട് പ്രദേശങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഒഫ് ആയതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.

ഞായറാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. ഇതിനു ശേഷം ഇവര്‍ വീടുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടിട്ടില്ല. ഇവരുടെ ബന്ധുക്കളുടെ ഫോണുകളും നിരീക്ഷണത്തിലാണ്. അദ്ധ്യാപികയുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തിരുന്നു.

ചെന്നൈയ്ക്ക് പോകുകയാണെന്നാണ് ചേര്‍ത്തല സ്വദേശിനിയായ അദ്ധ്യാപിക വീട്ടില്‍ പറഞ്ഞിരുന്നതെങ്കിലും ഇവരെ കാണാതായ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൊബൈല്‍ ഫോണ്‍ ടവര്‍ ലോക്കേഷന്‍ കാണിച്ചത് പുന്നപ്രയിലാണ്. എന്നാല്‍ പിന്നീട് ഫോണ്‍ സ്വീച്ച് ഓഫ് ആവുകയായിരുന്നു.

തിങ്കളാഴ്ച്ച വൈകീട്ട് വര്‍ക്കല പരിധിയിലാണ് പിന്നീട് ഫോണ്‍ ഓണായത്. മുഹമ്മ എസ്.ഐ. എം അജയമോഹന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വര്‍ക്കലയിലെത്തി അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്നാണ് കന്യാകുമാരിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

വിവാഹമോചിതയും പത്തുവയസ്സുള്ള ഒരു കുട്ടിയുമുള്ള അദ്ധ്യാപിക വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ വാങ്ങി നല്‍കിയതായും മണിക്കൂറുകള്‍ ഇവര്‍ സംസാരിച്ചിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. പല ദിവസങ്ങളിലും വിദ്യാര്‍ഥി ടീച്ചറുമായി സംസാരിച്ചിരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പഠിക്കാനുള്ള സംശയം പറഞ്ഞു തരുന്നതാണെന്നായിരുന്നു കുട്ടിയുടെ മറുപടി. വിദ്യാര്‍ഥി തണ്ണീര്‍മുക്കം സ്വദേശിയാണ്. ചേര്‍ത്തല ഡിവൈഎസിപിക്കാണ് അന്വേഷണ ചുമതല.