‘ചക്കര’യ്ക്ക് അയച്ചത് ‘ചക്കരക്കുളം ഗ്രൂപ്പി’ലേക്ക് മാറിപ്പോയി: ചേര്‍ത്തലയിലെ പ്രമുഖ സി.പി.എം നേതാക്കളുടെ വാട്ട്‌സ് ആപ്പ് പ്രണയ സല്ലാപ ചിത്രങ്ങള്‍ നാട്ടുകാര്‍ മുഴുവന്‍ കണ്ടു

single-img
27 September 2018

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി ശശിയുടെ ലൈംഗിക പീഡന വിവാദത്തിന് പിന്നാലെ സിപിഎമ്മിന് തലവേദനയായി ചേര്‍ത്തലയിലെ സി.പി.എം നേതാക്കളുടെ പ്രണയ സല്ലാപ ചിത്രങ്ങള്‍. മുന്‍ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ വനിതാ നേതാവും സഹകരണ ബാങ്ക് ജീവനക്കാരനും തെന്മല വിനോദസഞ്ചാര കേന്ദ്രത്തില്‍ പ്രണയസല്ലാപം നടത്തുന്ന ദൃശ്യങ്ങളാണ് വാട്ട്‌സ്ആപ്പില്‍ വൈറലായിരിക്കുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനു നിയോഗിക്കപ്പെട്ട സിപിഎം നേതാവും വനിതാ നേതാവും പ്രചരണത്തിനിടെ തെന്മല വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയപ്പോഴെടുത്ത ഫോട്ടോയാണ് പുറത്തായത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് രണ്ടംഗ കമ്മീഷനെ സി.പി.എം നിയോഗിച്ചിട്ടുണ്ട്.

പ്രചാരണത്തിനു പോകാതെ ഉല്ലാസത്തിനു പോയതു ഗൗരവമായി കാണണമെന്നും വിവാഹിതരായ ഇരുവരുടെയും നടപടി പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കുന്നതാണെന്നും കാട്ടി പ്രാദേശിക സിപിഎം നേതാക്കള്‍ സംസ്ഥാന സെക്രട്ടറിക്കു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. മുതിര്‍ന്ന അംഗങ്ങളായ കെ.പി. രാജഗോപാല്‍, വിശ്വനാഥപിള്ള എന്നിവരെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.

ബാങ്ക് ജീവനക്കാരനായ സിപിഎം നേതാവ്, വനിതാ നേതാവിന്റെ നമ്പര്‍ സേവ് ചെയ്തിരിക്കുന്നത് ചക്കര എന്ന പേരിലാണ്. എന്നാല്‍ പ്രദേശത്ത് ചക്കരക്കുളം എന്ന പേരില്‍ പ്രാദേശിക വാട്ട്‌സ് ആപ്പ് കൂട്ടായ്മയുണ്ട്. ഇതില്‍ ജീവനക്കാരനും അംഗമാണ്. ചിത്രങ്ങള്‍ ചക്കരയ്ക്ക് അയച്ചപ്പോള്‍ ചക്കരക്കുളത്തിലേക്ക് മാറിപ്പോവുകയായിരുന്നു.

എട്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബാങ്ക് ജീവനക്കാരന്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ നേരില്‍ കണ്ട് ചിത്രം പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഗ്രൂപ്പിലെ ചില വിരുതന്മാര്‍ നേതാക്കള്‍ക്ക് ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു.

അതേസമയം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുണ്ടായ പൊട്ടിത്തെറിയുടെ ഭാഗമാണ് പുതിയ നീക്കമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വാദം. ഇതിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതാണ് വിവാദമെന്ന വിലയിരുത്തലും സജീവമാണ്. എന്നാല്‍ ഉല്ലസിക്കാന്‍ സഖാക്കള്‍ പോയതിനെ എങ്ങനെ വിലകുറച്ച് കാണാനാകുമെന്ന ചോദ്യമാണ് മറു പക്ഷവും ചര്‍ച്ചയ്ക്ക് വിഷയമാക്കുന്നത്.